ഗോധ്ര ട്രെയിൻ തീവയ്പ് കേസ്; എട്ടുപ്രതികൾക്ക് ജാമ്യം അനുവദിച്ച് സുപ്രിം കോടതി
ഗോധ്ര ട്രെയിൻ തീവയ്പ് കേസിലെ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട എട്ടുപേർക്ക് സുപ്രിം കോടതി ജാമ്യം അനുവദിച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. കൊലക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട നാലുപ്രതികൾക്ക് ജാമ്യം അനുവദിക്കാൻ കോടതി വിസമ്മതിച്ചു. ശിക്ഷ അനുഭവിച്ച കാലയളവ്, കുറ്റകൃത്യത്തിലെ പങ്ക് അടക്കമുള്ള കാര്യങ്ങൾ വിലയിരുത്തിയാണ് കോടതി ജാമ്യം അനുവദിച്ചത്. ശിക്ഷക്കെതിരെ ഇവർ നൽകിയ ഹർജി 2018 മുതൽ സുപ്രിം കോടതിയുട പരിഗണനയിലാണ്.
ജാമ്യവ്യവസ്ഥ വിചാരണക്കോടതി നിശ്ചയിക്കും. എട്ടുപേർക്ക് ജാമ്യം അനുവദിക്കുന്നതിനെ ഗുജറാത്ത് സര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത എതിർത്തില്ല. എന്നാൽ, നാലു പേർക്ക് ജാമ്യം അനുവദിക്കുന്നതിനെ തുഷാർ മേത്ത ശക്തമായി എതിർത്തു.
കുറ്റകൃത്യത്തിലെ ഈ നാല് പേരുടെ പങ്ക് കണക്കിലെടുത്ത് ജാമ്യം അനുവദിക്കരുത് എന്നായിരുന്നു സോളിസിറ്റർ ജനറലിന്റെ വാദം. ഈ ആവശ്യം സുപ്രീം കോടതി അംഗീകരിക്കുകയായിരുന്നു.
2002 ഫെബ്രുവരി 27ന് ഗുജറാത്ത് കലാപത്തിന്റെ ഭാഗമായാണ് ഗോധ്രയില്‍ ട്രെയിന്‍ തീവെച്ചത്. സബര്‍മതി എക്‌സ്പ്രസിന്റെ എസ്-6 കോച്ച് കത്തിച്ച സംഭവത്തില്‍ 59 പേരായിരുന്നു കൊല്ലപ്പെട്ടത്.