ഋതുമതിയായ മുസ്‌ലിം പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായില്ലെങ്കിലും വിവാഹിതയാകാം; ഹൈക്കോടതി വിധിയില്‍ സുപ്രിം കോടതി നോട്ടിസ്
ഋതുമതിയായ മുസ്ലിം പെൺകുട്ടികൾക്ക് പ്രായപൂർത്തി ആയില്ലെങ്കിലും വിവാഹമാകാം എന്ന പഞ്ചാബ് ഹരിയാന ഹൈക്കോടതിയുടെ വിധിക്കെതിരായ ഹർജിയിൽ സുപ്രിം കോടതിയുടെ നോട്ടിസ്. വിധി വിശദമായി പരിശോധിക്കുമെന്ന് ജഡ്ജിമാരായ സഞ്ജയ് കിഷൻ കൌൾ, ബേലാ എം ത്രിവേദി എന്നിവർ അറിയിച്ചു. ദേശീയ ബാലാവകാശ കമ്മിഷനാണ് വിധിക്കെതിരെ സുപ്രിം കോടതിയെ സമീപിച്ചത്.
ശൈശവ വിവാഹ നിരോധനത്തെയും പോക്‌സോ നിയമത്തെയും ബാധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇത് ഗുരുതരമായ പ്രശ്‌നമാണെന്ന് കമ്മിഷനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത വാദിച്ചു. ഹർജി നവംബർ ഏഴിന് വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു. കേസിൽ കോടതിയെ സഹായിക്കാൻ മുതിർന്ന അഭിഭാഷകൻ ആർ രാജശേഖർ റാവുവിനെ അമിക്കസ് ക്യൂറിയായി നിയമിച്ചിട്ടുണ്ട്. 16 വയസ്സിന് മുകളിലുള്ള മുസ്ലീം പെൺകുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ അവകാശമുണ്ടെന്നായിരുന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ വിധി.
21 വയസ്സുള്ള പുരുഷനും 16 വയസ്സുള്ള പെൺകുട്ടിയും കുടുംബാംഗങ്ങളിൽനിന്ന് ജീവനും സ്വാതന്ത്ര്യത്തിനും സംരക്ഷണം വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് ജസ്ജിത് സിംഗ് ബേദിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് വിധി പറഞ്ഞത്.