വിവാഹാഭ്യർഥന നിരസിച്ചതിന് യുവതിയെ ട്രെയിന് മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം
വിവാഹാഭ്യർഥന നിരസിച്ചതിന് 21കാരിയെ ഓടുന്ന ട്രെയിന് മുന്നിലേക്ക് തള്ളിയിട്ട് യുവാവ്. മുംബൈ ഖർ സ്‌റ്റേഷനിലാണ് സംഭവം. യുവതി തലനാരിഴക്ക് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു.
സുമേധ് ജാധവ് എന്ന യുവാവാണ് ആക്രമണം നടത്തിയത്. വഡാല സ്വദേശിയായ ഇയാളെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. അന്ധേരിയിൽ നിന്ന് ട്രെയിൻ കയറിയത് മുതൽ ഇയാൾ യുവതിയെ പിന്തുടരുകയായിരുന്നു
ഖർ സ്റ്റേഷനിലിറങ്ങിയ യുവതി അമ്മയ്‌ക്കൊപ്പം പോകാനൊരുങ്ങിയെങ്കിലും തന്റെ കൂടെ വരണമെന്നും വിവാഹം ചെയ്യണമെന്നും സുമേധ് ആവശ്യപ്പെട്ടു. ഇത് നിരസിച്ചതോടെ താൻ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞ് ഇയാൾ ട്രെയിന് പിന്നാലെ ഓടി. എന്നാൽ പെട്ടെന്ന് തിരിച്ചു വന്ന് യുവതിയെ ട്രെയിനിലേക്ക് തള്ളിയിടാൻ ശ്രമിക്കുകായയിരുന്നു.
യുവതിയുടെ അമ്മ പിടിച്ചുവലിച്ചാണ് കുട്ടിയെ രക്ഷപ്പെടുത്തിയത്. യുവതിയുടെ തലക്ക് പരുക്കേറ്റു. സുമേധ് സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടുകയും ചെയ്തു.