Saturday, April 12, 2025
National

കാര്‍ ശരീരത്തിലൂടെ പലതവണ കയറ്റി ഇറക്കി; ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തി ഡോക്ടർ

ചെന്നൈ: യുവ ഡോക്ടർ‍ ഭാര്യയെ കഴുത്തറുത്തു കൊന്നു. ചെന്നൈയില്‍ ഡിണ്ടിവനം സ്വദേശി ഡോക്ടര്‍ ഗോകുല്‍ കുമാറാണ് ഭാര്യ കീര്‍ത്തനയെ ക്രൂരമായി കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.

ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ ഗോകുല്‍ മൂന്നുവര്‍ഷം മുമ്പാണ് സ്വകാര്യ സ്ഥാപനത്തില്‍ എച്ച്ആര്‍ മാനേജരായ കീര്‍ത്തനയെ വിവാഹം കഴിച്ചത്. കോവിഡും ലോക്ക് ഡൗണും ആരംഭിച്ചതോടെ ഗോകുല്‍ ജോലിക്ക് പോവാതായി . ഇത് സംബന്ധിച്ച് ഇരുവരും തമ്മില്‍ വഴക്ക് പതിവായി. തുടര്‍ന്ന് ഇരുവരും മറ്റ് വീടുകളിലേക്ക് താമസം മാറ്റി. ഇരുവരുടെയും ബന്ധുക്കള്‍ തമ്മില്‍ വിവാഹമോചന നടപടികളും തുടങ്ങി.

അങ്ങനെയിരിക്കെ വെള്ളിയാഴ്ച വൈകിട്ട് പതിവുപോലെ ഇരുവരും വഴക്കിടുന്നതിനിടെ ഗോകുല്‍ അടുക്കളയില്‍ നിന്നും കറിക്കത്തി എടുത്ത് കീര്‍ത്തനയുടെ കഴുത്തില്‍ വെട്ടുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ മാതാപിതാക്കളെയും ഗോകുല്‍ ആക്രമിച്ചു. തുടര്‍ന്ന് കീര്‍ത്തനയെ മുടിയില്‍ പിടിച്ച് വലിച്ചിഴച്ച് വീടിനു പുറത്തെ കാര്‍പോര്‍ച്ചിലേക്ക് കൊണ്ടുവന്ന് മരണം ഉറപ്പിക്കാനായി കാറെടുത്ത് കീര്‍ത്തനയുടെ ശരീരത്തിലൂടെ പലതവണ കയറ്റി ഇറക്കുകയായിരുന്നു. തുടര്‍ന്ന് ആ കാറുമായി ഗോകുല്‍ രക്ഷപ്പെട്ടു. ഉടന്‍തന്നെ അയല്‍ക്കാരും ബന്ധുക്കളും കീര്‍ത്തനയെ അടുത്തുളള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെട്ട ഗോകുലിന്റെ കാര്‍ മറ്റൊരിടത്ത് നിയന്ത്രണംവിട്ട് മറിഞ്ഞ നിലയില്‍ കണ്ടെത്തി. തുടര്‍ന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

 

Leave a Reply

Your email address will not be published. Required fields are marked *