ചാരായം വാറ്റുകയായിരുന്ന യുവാവ് പോലീസിനെ കണ്ട് ഓടി; ഭാര്യ നൽകിയ വിവരമനുസരിച്ച് കാമുകിയുടെ വീട്ടിൽ നിന്നും പിടികൂടി
തിരുവനന്തപുരത്ത് വീട്ടിൽ ചാരായം വാറ്റിയ യുവാവ് പിടിയിൽ. മുക്കുവൻതോടിലാണ് സംഭവം. മദ്യപിച്ചെത്തിയ ഭർത്താവ് യുവതിയെ മർദിക്കുന്നുവെന്ന അയൽവക്കക്കാരുടെ പരാതിയെ തുടർന്നാണ് പോലീസ് സ്ഥലത്ത് എത്തിയത്. വീട്ടിൽ ചാരായം വാറ്റുന്ന യുവാവിനൊണ് പോലീസ് കണ്ടത്. പോലീസിനെ കണ്ടതോടെ ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു.
ഇന്നലെ രാത്രി എട്ട് മണിയോടെയാണ് മുക്കുവൻതോടുള്ള അജീഷ് ഭാര്യയെ മർദിക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്. സ്ഥലത്ത് എത്തിയപ്പോൾ വീടിന്റെ അടുക്കളയിൽ അജീഷ് ചാരായം വാറ്റുന്നതാണ് പോലീസ് കണ്ടത്. ഇയാൾ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇവിടെ നിന്ന് ഒന്നര ലിറ്റർ ചാരായവും 30 ലിറ്റർ കോടയും കണ്ടെടുത്തു.
അജീഷിന് നിരവധി സ്ത്രീകളുമായി ബന്ധമുണ്ടെന്നും കരംകുളത്തുള്ള ഒരു യുവതിയുടെ വീട്ടിൽ ഇയാൾ കാണുമെന്നും പോലീസിനോട് ഭാര്യ പറയുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിൽ പുലർച്ചെയോടെ കരംകുളത്തെ യുവതിയുടെ വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ അജീഷിനെ പിടികൂടുകയും ചെയ്തു.