പാര്‍ലമെന്‍റ് വളപ്പിലെ പ്രതിഷേധ നിരോധനം: കോണ്‍ഗ്രസ്-ബിജെപി വാക്പോര്
ദില്ലി : പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധം നിരോധിച്ചുള്ള നിര്‍ദ്ദേശത്തെ ചൊല്ലി കോണ്‍ഗ്രസ്-ബിജെപി വാക്പോര്. രാജ്യസഭ സെക്രട്ടറി ജനറല്‍ പുറത്തിറക്കിയ പാര്‍ലമെന്‍ററി ബുള്ളറ്റിന്‍ പ്രതിപക്ഷ സ്വരത്തെ അടിച്ചമര്‍ത്താനാണെന്ന് കോൺഗ്രസ് ആക്ഷേപിച്ചതിന് പിന്നാലെ യുപിഎ സര്‍ക്കാരിന്‍റെ കാലത്തിറക്കിയ സമാന ഉത്തരവ് പുറത്ത് വിട്ട് ബിജെപി തിരിച്ചടിച്ചു. നടപടി പുതിയതല്ലെന്ന് ലോക്സഭ സ്പീക്കര്‍ ഓംബിര്‍ലയും വിശദീകരിച്ചു.
പാര്‍ലമെന്‍റ് മന്ദിര വളപ്പില്‍ പ്രകടനം, ധര്‍ണ്ണ, സമരം, ഉപവാസം, എന്നിവ പാടില്ലെന്നും മതപരമായ ചടങ്ങളുകളും അനുവദിക്കില്ലെന്നുമാണ് രാജ്യസഭ സെക്രട്ടറി ജനറല്‍ പിസി മോദി പുറത്തിറക്കിയ പാര്‍ലമെന്‍ററി ബുളളറ്റിനിലുള്ളത്. കോണ്‍ഗ്രസ് വക്താവ് ജയ്റാം രമേശ് ഇക്കാര്യം ട്വീറ്റ് ചെയ്തതോടെയാണ് പ്രതിപക്ഷ പ്രതിഷേധം ശക്തമായത്. വിശ്വഗുരുവിന്‍റെ അടുത്ത വെടിയെന്ന പ്രതികരണത്തിലൂടെ പ്രധാനമന്ത്രിക്കെതിരെ കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് ഒളിയമ്പെയ്തു.
അശോകസ്തംഭം സ്ഥാപിക്കുന്നതിനിടെ മോദി പൂജ നടത്തിയത് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം പാര്‍ലമെന്‍റ് വളപ്പില്‍ മതപരമായ ചടങ്ങ് നടത്തിയിരുന്നുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസും പരിഹസിച്ചു. വാക്കുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ അടുത്ത വിലക്ക് കൂടി ചര്‍ച്ചയായതോടെ ബിജെപി കളത്തിലിറങ്ങി. യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് പലപ്പോഴായി പുറത്തിറക്കിയ ഉത്തരവുകള്‍ പുറത്ത് വിട്ടു.