Monday, April 14, 2025
Kerala

അഞ്ചാംപനി : കോഴിക്കോട് വളയത്ത് ഇന്ന് സർവ്വ കക്ഷിയോഗം

അഞ്ചാംപനി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് വളയത്ത് ഇന്ന് സർവ്വ കക്ഷിയോഗം. വളയം പഞ്ചായത്തിലെ 13ആം വാർഡ് മണിയാലയിൽ ഇന്നലെ നാല് പേർക്ക് രോഗ ബാധ സ്ഥിരീകരിച്ചിരുന്നു. രാവിലെ 10 മണിക്ക് പഞ്ചായത്ത് ഓഫീസിലാണ് യോഗം. വളയം പഞ്ചായത്തിൽ മാത്രം രോഗം ബാധിച്ചവരുടെ എണ്ണം ആറായി. മേഖലയിൽ ഏഴ് പഞ്ചായത്തുകളിലായി 65 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്.

മിക്‌സോ വൈറസ് വിഭാഗത്തിൽ പെടുന്ന മോർബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാം പനി. നമ്മുടെ നാട്ടിൽ ആറു മാസം മുതൽ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്. അമ്മയിൽ നിന്നു പകർന്നുകിട്ടിയ ആന്റിബോഡീസ് ശരീരത്തിൽ ഉള്ളത് കൊണ്ടാണ് ആറു മാസം വരെയുള്ള കുട്ടികളിൽ അധികം കാണപ്പെടാത്തത്. എങ്കിലും കൗമാരപ്രായത്തിലും മുതിർന്നവരിലും അഞ്ചാം പനി ഉണ്ടാവാറുണ്ട്.

പനിയാണ് ആദ്യത്തെ പ്രധാനപ്പെട്ട ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കൽ, ജലദോഷം എന്നിവയും ഉണ്ടാകും. അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകിൽ നിന്നു തുടങ്ങി മുഖത്തേക്ക് പടർന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകൾ കാണപ്പെടും. അപ്പോഴേക്കും പനി പൂർണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛർദി, ശക്തമായ വയറുവേദന എന്നിവയും ഉണ്ടാകാം.

Leave a Reply

Your email address will not be published. Required fields are marked *