ഗർഭിണിയായ തെരുവ് നായയെ ക്രൂരമായി തല്ലിക്കൊന്നു; കോളജ് വിദ്യാർത്ഥികൾക്കെതിരെ കേസ്
ഡൽഹിയിൽ ഗർഭിണിയായ തെരുവ് നായയെ ക്രൂരമായി തല്ലിക്കൊന്നു. ന്യൂ ഫ്രണ്ട്സ് കോളനി ഏരിയയിൽ ഒരു കൂട്ടം കോളജ് വിദ്യാർത്ഥികൾ ചേർന്നാണ് നായയെ മർദ്ദിച്ചത്. വീഡിയോ വൈറലായതോടെ സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും പ്രതികളെ പിടികൂടാനുള്ള ശ്രമത്തിലാണെന്നും ഡൽഹി പൊലീസ് അറിയിച്ചു.
മർദ്ദനത്തിൽ പരുക്കേറ്റതിനെ തുടർന്നാണ് നായ ചത്തതെന്നാണ് നാട്ടുകാർ ആരോപിച്ചു. കല്ലും വടിയും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച ശേഷം വയലിൽ ഉപേക്ഷിക്കുകയായിരുന്നു. ഒരു പ്രാദേശിക കോളജിലെ വിദ്യാർത്ഥികളാണ് പ്രതികൾ. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷൻ 429, മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമത്തിലെ വകുപ്പുകൾ എന്നിവ പ്രകാരം പൊലീസ് കേസെടുത്തു. ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.