മുടിനീട്ടി വളർത്തിയതിന് വിദ്യാർഥിയെ മർദിച്ച സംഭവം; പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു
ശ്രീകണ്ഠാപുരം സ്കൂളിൽ വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ പ്ലസ് ടു വിദ്യാർത്ഥികൾക്കെതിരെ പൊലീസ് കേസെടുത്തു. മർദനത്തിൽ പങ്കാളികളായ കണ്ടാലറിയാവുന്ന വിദ്യാർഥികൾക്കെതിരെയാണ് കേസ്. പ്രായമടക്കം പരിശോധിച്ചതിനുശേഷം തുടർനടപടിയെന്ന് പൊലീസ് അറിയിച്ചു.
ശ്രീകണ്ഠാപുരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ വിദ്യാർഥിക്കാണ് ക്രൂരമർദനമേറ്റത്. ബ്ലാത്തൂർ സ്വദേശി മുഹമ്മദ് സഹലിന് ചെവിക്ക് പരുക്കേറ്റു. കഴിഞ്ഞ തിങ്കളാഴ്ച്ച സ്കൂൾ ഗ്രൗണ്ടിൽ വെച്ച് സഹലിനെ ഒരു കൂട്ടം പ്ലസ് ടു വിദ്യാർഥികൾ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. മുടി നീട്ടി വളർത്തിയത് ചോദ്യം ചെയ്തായിരുന്നു മർദനം.
ചെവി വേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് മർദന വിവരം സഹൽ രക്ഷിതാക്കളോട് പറയുന്നത്. സഹലിന്റെ കുടുംബം ശ്രീകണ്ഠാപുരം പൊലീസിൽ പരാതി നൽകി.