Saturday, January 4, 2025
National

എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം; ചീഫ് സെക്രട്ടറിക്ക് ബിജെപിയുടെ പരാതി

എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ബിജെപി. മാര്‍ച്ചില്‍ പങ്കെടുത്ത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ബിജെപി, ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കി. ഡ്യൂട്ടി സമയത്ത് സമരത്തില്‍ പങ്കെടുത്തത് സര്‍വീസ് ചട്ടങ്ങളുടെ ലംഘനമാണെന്ന് ബിജെപി വി വി രാജേഷ് പറഞ്ഞു. പരിപാടിയില്‍ പങ്കെടുത്ത ആറ് ഉദ്യോഗസ്ഥരുടെ ചിത്രങ്ങളും ബിജെപി പുറത്തുവിട്ടു.

ഓഫീസില്‍ വന്ന് പഞ്ച് ചെയ്ത ശേഷമാണ് പല ഉദ്യോഗസ്ഥരും മാര്‍ച്ചില്‍ പങ്കെടുത്തത്. ഇത് സര്‍വീസ് ചട്ട ലംഘനമാണ്. ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുദ്രാവാക്യം വിളിക്കുന്നത് നിയമവ്യവസ്ഥയ്ക്ക് എതിരാണെന്നും വി വി രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഗവര്‍ണര്‍ക്ക് വേണ്ടി ഒപ്പിടാന്‍ നിയോഗിക്കപ്പെട്ടവരാണ് ഈ ഉദ്യോഗസ്ഥര്‍. സംസ്ഥാനം അരാജകത്വത്തിലേക്ക് പോകുന്നുവെന്നതിന്റെ തെളിവാണിതെന്നും ബിജെപി നേതാവ് പറഞ്ഞു.

‘സ്വകാര്യ ബസുകളിലാണ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ എത്തിച്ചത്. ആ ബസുകളെ കുറിച്ചും അന്വേഷിക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമലംഘനം നടത്താന്‍ ഉപയോഗിച്ച ബസിനെതിരെയും നടപടിയെടുക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പരിപാടിയില്‍ പങ്കെടുക്കാന്‍ പാടില്ല’. വി വി രാജേഷ് കൂട്ടിച്ചേര്‍ത്തു.

ഈ മാസം 15നാണ് എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ച് നടത്തിയത്. ഉന്നത വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് രാജ്ഭവന് മുന്നിലേക്ക് എല്‍ഡിഎഫ് മാര്‍ച്ചു സംഘടിപ്പിച്ചത്. കേരളത്തിനെതിരായ നീക്കം ചേര്‍ക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നിവയായിരുന്നു മാര്‍ച്ചില്‍ ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *