മുംബൈ വിമാനത്താവളത്തിൽ 15 കോടിയുടെ കൊക്കെയ്ൻ പിടികൂടി
മുംബൈ വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. വിപണിയിൽ 15 കോടിയിലധികം വിലമതിക്കുന്ന 1,496 ഗ്രാം കൊക്കെയ്ൻ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (ഡിആർഐ) പിടികൂടി. സംഭവത്തിൽ ഒരു വിദേശ വനിതയടക്കം രണ്ട് പേർ അറസ്റ്റിലായി.
ഓഗസ്റ്റ് എട്ടിന് എത്യോപ്യയൻ തലസ്ഥാനമായ അഡിസ് അബാബയിൽ നിന്ന് മുംബൈയിലെത്തിയ ഇന്ത്യൻ യാത്രക്കാരനിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്. ഡിആർഐ ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇയാളുടെ ബാഗേജിൽ നിന്ന് 15 കോടിയിലധികം വിലമതിക്കുന്ന 1,496 ഗ്രാം കൊക്കെയ്നാണ് കണ്ടെടുത്തത്.
തുടർന്ന് DRI നടത്തിയ ഓപ്പറേഷൻ നവി മുംബൈയിലെ സ്വീകർത്താവിനെയും പിടികൂടുന്നതിലേക്ക് നയിച്ചു. ഉഗാണ്ടൻ സ്വദേശിനിയാണ് പിടിയിലായത്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.