Tuesday, April 15, 2025
National

‘ഇന്ത്യയിലെ മുസ്ലിങ്ങളെല്ലാം ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവര്‍’; ഗുലാം നബി ആസാദിന്റെ പ്രസ്താവനയ്‌ക്കെതിരെ ഒവൈസി

തന്റെ മുത്തച്ഛന്‍ ഹിന്ദു ബ്രാഹ്‌മണനായ തുളസീരാംദാസ് ആയിരുന്നെന്ന പ്രസ്താവനയില്‍ പ്രതികരിച്ച് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി. തനിക്കൊരു ബ്രാഹ്‌മിണ്‍ പാരമ്പര്യമുണ്ടെന്നത് സംഘികള്‍ എപ്പോഴും കെട്ടിച്ചമയ്ക്കുന്ന കാര്യമാണെന്നും ഇതിനെ തമാശയായി മാത്രമേ കണക്കാക്കുന്നുവെന്നും ഒവൈസി പ്രതികരിച്ചു. ഇന്ത്യയില്‍ ജനിച്ച എല്ലാവരും ഹിന്ദുക്കളാണെന്ന് അടുത്തിടെ ഗുലാം നബി ആസാദ് പറഞ്ഞ പ്രസ്താവനയെ തുടര്‍ന്നാണ് സോഷ്യല്‍ മിഡിയയില്‍ ഒവൈസിക്കെതിരെ നടത്തിയ പരാമര്‍ശവും തുടര്‍ന്നുണ്ടായ പ്രതികരണവും.

നമ്മളെല്ലാവരും ആദാമിന്റെയും ഹവ്വയുടെയും മക്കളാണ്. എന്നെ സംബന്ധിച്ചിടത്തോളം മുസ്ലീങ്ങളുടെ തുല്യാവകാശങ്ങള്‍ക്കും പൗരത്വത്തിനും വേണ്ടിയുള്ള ജനാധിപത്യ പോരാട്ടം ആധുനിക ഇന്ത്യയുടെ ആത്മാവിന് വേണ്ടിയുള്ള പോരാട്ടമാണ്. അത് ‘ഹിന്ദുഫോബിയ’ അല്ല. ഒവൈസി ട്വീറ്റ് ചെയ്തു.

ഇന്നത്തെ മുസ്ലിങ്ങളുടെയെല്ലാം പൂര്‍വ്വികര്‍ ഹിന്ദുക്കളായിരുന്നെന്നും പിന്നീടുള്ള തലമുറ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരകളായി എന്നുമായിരുന്നു ഗുലാം നബി ആസാദിന്റെ പോസ്റ്റ്. ഒവൈസിയുടെ മുത്തച്ഛന്‍ ഹിന്ദു ബ്രാഹ്‌മണനായ തുളസീരാംദാസ് ആയിരുന്നെന്നും ഫാറൂഖ് അബ്ദുള്ളയുടെ മുത്തച്ഛന്‍ ഹിന്ദു ബ്രാഹ്‌മണനായ ബല്‍മുകുന്ദ് കൗളും എം ജിന്നയുടെ പിതാവ് ഹിന്ദു ഖോജ ജാതിയില്‍പ്പെട്ട ജിന്നാഭായ് ഖോജ ആയിരുന്നെന്നും ആസാദിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.

വിരലിലെണ്ണാവുന്ന മുസ്ലീങ്ങള്‍ മാത്രമാണ് പുറത്ത് നിന്ന് വന്നതെന്നും ബാക്കിയുള്ളവര്‍ ഇന്ത്യയില്‍ നിന്ന് ഹിന്ദുമതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്യപ്പെട്ടവരാണെന്നുമുള്ള ഗുലാം നബി ആസാദിന്റെ പ്രസ്താവന വലിയ വിവാദമാണുണ്ടാക്കിയത്. ‘600 വര്‍ഷങ്ങള്‍ക്ക് മുമ്പ് കശ്മീരിലെ മുസ്ലീങ്ങള്‍ കശ്മീരി പണ്ഡിറ്റുകളായിരുന്നെന്നും പിന്നീട് അവര്‍ ഇസ്ലാം മതം സ്വീകരിക്കുകയായിരുന്നെന്നും ഗുലാം നബി ആസാദ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *