‘പാര്‍ട്ടിയെ സേവിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുന്നു’; പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ നന്ദി പറഞ്ഞ് ശശി തരൂര്‍
കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ നന്ദി പറഞ്ഞ് ശശി തരൂര്‍ എംപി. ‘കോണ്‍ഗ്രസ് നേതൃത്വവും പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയും തന്നെ വര്‍ക്കിങ് കമ്മിറ്റിയിലേക്ക് നാമനിര്‍ദേശം ചെയ്തതില്‍ നന്ദിയുണ്ട്. കഴിഞ്ഞ 138 വര്‍ഷമായി പാര്‍ട്ടിയെ നയിക്കുന്നതില്‍ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി വഹിച്ച ചരിത്രപരമായ പങ്കിനെ കുറിച്ച് അറിയാവുന്ന ആളെന്ന നിലയില്‍ പ്രവര്‍ത്തക സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ വിനീതനും നന്ദിയുള്ളവനുമാണ്. പാര്‍ട്ടിയുടെ ജീവവായുക്കളായ ലക്ഷക്കണക്കിന് പ്രതിബദ്ധതയുള്ള പ്രവര്‍ത്തകരെ കൂടാതെ ഒന്നും ചെയ്യാന്‍ കഴിയില്ല. അര്‍പ്പണബോധമുള്ള സഹപ്രവര്‍ത്തകര്‍ക്കൊപ്പം പാര്‍ട്ടിയെ സേവിക്കാനുള്ള അവസരത്തിനായി കാത്തിരിക്കുകയാണ്’. ശശി തരൂര്‍ ട്വീറ്റ് ചെയ്തു.
39 അംഗങ്ങളെ ഉള്‍പ്പെടുത്തിയാണ് കോണ്‍ഗ്രസിന്റെ പരമോന്നത സംഘടന സമിതി പുനസംഘടിപ്പിച്ചത്. നിലവില്‍ പ്രവര്‍ത്തക സമിതി അംഗമായ കേരളത്തില്‍ നിന്നുള്ള എ കെ ആന്റണിയെ സമിതിയില്‍ നിലനിര്‍ത്തി. പ്രവര്‍ത്തകസമിതിയില്‍ ആറുപേര്‍ വനിതകളാണ്. കെസി വേണുഗോപാലും അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെ മത്സരിച്ച ശശി തരൂരുമാണ് കേരളത്തില്‍നിന്ന് പ്രവര്‍ത്തകസമിതിയില്‍ എത്തിയ മറ്റുള്ളവര്‍. രമേശ് ചെന്നിത്തല ഉള്‍പ്പെടെ 32 സ്ഥിര ക്ഷണിതാക്കളും ,കൊടിക്കുന്നില്‍ സുരേഷ് അടക്കം 13 പ്രത്യേക ക്ഷണിതാക്കളുമുണ്ട്.
തിരുത്തല്‍വാദികളായ ജി23 ഗ്രൂപ്പ് അംഗങ്ങള്‍ മുകുള്‍ വാസ്‌നിക്, ആനന്ദ് ശര്‍മ എന്നിവരും പ്രവര്‍ത്തകസമിതിയില്‍ ഉണ്ട്. മനീഷ് തിവാരി സ്ഥിരം ക്ഷണിതാവാണ്. അശോക് ഗലോട്ടുമായി പരസ്യപൊരുതുറന്ന സച്ചിന്‍ പൈലറ്റ് പ്രവര്‍ത്തകസമിതിയിലൂടെ ദേശീയ രാഷ്ട്രീയത്തില്‍ എത്തി. മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യം തള്ളിയാണ്, പൈലറ്റിനെ പ്രവര്‍ത്തകസമിതിയില്‍ ഉള്‍പ്പെടുത്തിയത്. ഈ നീക്കം രാജസ്ഥാനില്‍ ഗുണം ചെയ്യും എന്നാണ് ഹൈക്കമാന്‍ഡ് വിലയിരുത്തല്‍. റായ്പുര്‍ പ്ലീനറിയില്‍ പ്രവര്‍ത്തകസമിതി അംഗങ്ങളുടെ എണ്ണം 25-ല്‍ നിന്ന് 35 ആക്കി ഉയര്‍ത്താന്‍ ഉള്ള തീരുമാനമാണ് പുനസംഘടനയിലൂടെ നടപ്പാക്കിയത്.യുവാക്കള്‍ സ്ത്രീകള്‍ ദളിത് പ്രാതിനിധ്യം ഉറപ്പാക്കിയിട്ടുണ്ട്.
അതേസമയം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗമാക്കാത്തതില്‍ കടുത്ത അതൃപ്തിയിലാണ് രമേശ് ചെന്നിത്തല. 19 വര്‍ഷം മുമ്പ് വഹിച്ച പദവിയാണ് ചെന്നിത്തലക്ക് വീണ്ടും നല്‍കിയിരിക്കുന്നത്. പ്രവര്‍ത്തക സമിതി പുനഃസംഘടിപ്പിക്കുമ്പോള്‍ ചെന്നിത്തലയും ഇടം പിടിക്കുമെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ പട്ടിക പുറത്തു വന്നപ്പോള്‍ സ്ഥിരം ക്ഷണിതാവ് മാത്രമായി കേരളത്തിലെ മുതിര്‍ന്ന നേതാവ്. ചെന്നിത്തലക്കൊപ്പമോ അദ്ദേഹത്തിനു കീഴിലോ പ്രവര്‍ത്തിച്ചിരുന്ന നേതാക്കള്‍ പ്രവര്‍ത്തക സമിതിയില്‍ സ്ഥിരാംഗങ്ങള്‍ ആയപ്പോഴാണ് ചെന്നിത്തലയെ സ്ഥിരം ക്ഷണിതാവ് മാത്രമാക്കിയത്. അപമാനിക്കുന്നതിന് തുല്യമാണ് നടപടിയെന്ന വികാരമാണ് ചെന്നിത്തലക്ക് ഒപ്പമുള്ളവര്‍ക്ക്. കേന്ദ്ര നേതൃത്വത്തിന്റെ നടപടിയില്‍ നീരസമുള്ള രമേശ് ചെന്നിത്തല, ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിച്ചുമില്ല.