തീവ്രവാദ കേസ്: ശ്രീനഗർ, പുൽവാമ ഉൾപ്പെടെ ജമ്മു കശ്മീരിലെ 7 ജില്ലകളിൽ എൻഐഎ റെയ്ഡ്
ജമ്മു കശ്മീരിലെ ഏഴ് ജില്ലകളിൽ ദേശീയ അന്വേഷണ ഏജൻസിയുടെ റെയ്ഡ്. ശ്രീനഗർ, പുൽവാമ, അവന്തിപോറ, അനന്ത്നാഗ്, ഷോപ്പിയാൻ, പൂഞ്ച്, കുപ്വാര എന്നിവിടങ്ങളിലെ 15 സ്ഥലങ്ങളിലാണ് എൻഐഎ സംഘം തെരച്ചിൽ നടത്തുന്നത്. തീവ്രവാദവുമായി ബന്ധപ്പെട്ട കേസുകളിലാണ് എൻഐഎ നടപടി.
എൻഐഎയുടെ ഡൽഹി ബ്രാഞ്ച് 2021-ലും തീവ്രവാദ വിരുദ്ധ ഏജൻസിയുടെ ജമ്മു ബ്രാഞ്ച് 2022-ലും രജിസ്റ്റർ ചെയ്ത കേസുകളിലാണ് പരിശോധന നടക്കുന്നത്. ഗുസ്സു, രാജ്‌പോറ, അവന്തിപോറ, ത്രാൽ എന്നിവിടങ്ങളിൽ എൻഐഎ സംഘം റെയ്ഡ് നടത്തുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. എൻഐഎ ഉദ്യോഗസ്ഥർക്കൊപ്പം ജമ്മു കശ്മീർ പൊലീസിലെയും സെൻട്രൽ റിസർവ് പൊലീസ് സേനയിലെയും (സിആർപിഎഫ്) ഉദ്യോഗസ്ഥരും ഒപ്പമുണ്ട്.
മെയ് 15ന് പല ജില്ലകളിലും റെയ്ഡ് നടന്നിരുന്നു:
നേരത്തെ, ജമ്മു കശ്മീരിലെ ബുഡ്ഗാം, ഷോപിയാൻ, പുൽവാമ, ശ്രീനഗർ, അനന്ത്നാഗ് ജില്ലകളിൽ മെയ് 15 ന് എൻഐഎ സംഘം തീവ്രവാദ ഫണ്ടിംഗ് കേസിൽ റെയ്ഡ് നടത്തിയിരുന്നു. കേഡറുകളും ഓവർഗ്രൗണ്ട് വർക്കർമാരും (OWG) നടത്തിയ തീവ്രവാദ, അട്ടിമറി ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിലാണ് റെയ്ഡ് നടത്തിയത്. 2022 ഡിസംബർ 23 ന് കുൽഗാം, പുൽവാമ, അനന്ത്നാഗ്, സോപൂർ ഉൾപ്പെടെ ജമ്മു ജില്ലകളിലെ 14 സ്ഥലങ്ങളിലും എൻഐഎ തെരച്ചിൽ നടത്തി.