പാർട്ടിയിലെ എൻ്റെ റോൾ ഖാർഗെ തീരുമാനിക്കും’: രാഹുൽ ഗാന്ധി
കോൺഗ്രസ് അധ്യക്ഷനാണ് പാർട്ടിയിലെ പരമോന്നത അധികാരിയെന്ന് രാഹുൽ ഗാന്ധി. പാർട്ടിയിലെ തൻ്റെ റോൾ മല്ലികാർജുൻ ഖാർഗെ തീരുമാനിക്കും. അധ്യക്ഷ തെരഞ്ഞെടുപ്പ് സുതാര്യമായ രീതിയിലാണ് നടന്നതെന്നും രാഹുൽ കൂട്ടിച്ചേർത്തു. ഭാരത് ജോഡോ യാത്രയ്ക്കിടെ ആന്ധ്രാപ്രദേശിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കോൺഗ്രസ് അധ്യക്ഷനാണ് പാർട്ടിയിലെ പരമോന്നത അധികാരം. ഓരോ അംഗവും പ്രസിഡന്റിന് കീഴിലാണ്. പാർട്ടിയിൽ എന്റെ റോൾ അദ്ദേഹം തീരുമാനിക്കും. കൂടുതൽ അറിയണമെങ്കിൽ ഖാർഗെ ജിയോടും സോണിയ ഗാന്ധിജിയോടും ചോദിക്കൂ… കോൺഗ്രസിലെ വോട്ടെടുപ്പിനെ കുറിച്ച് എല്ലാവരും ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. സുതാര്യമായ വോട്ടെടുപ്പ് നടന്നതിൽ ഞാൻ അഭിമാനിക്കുന്നു’ – അധ്യക്ഷ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് രാഹുൽ മറുപടി നൽകി.
‘എന്തുകൊണ്ടാണ് ബിജെപി ഉൾപ്പെടെയുള്ള മറ്റ് പ്രാദേശിക പാർട്ടികളുടെ തെരഞ്ഞെടുപ്പിൽ ആർക്കും താൽപ്പര്യമില്ലാത്തത്?’ – രാഹുൽ ചോദിക്കുന്നു. മല്ലികാർജുൻ ഖാർഗെയെയും ശശി തരൂരിനെയും പരിചയസമ്പന്നരായ നേതാക്കളെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. ബിജെപി രാജ്യത്ത് വിദ്വേഷവും അക്രമവും പടർത്തുകയാണ്. കോൺഗ്രസ് ഇതിനെതിരെ പോരാടുകയാണെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു.