‘കഴിഞ്ഞ തവണ നിലപാട് വ്യക്തമാക്കിയിരുന്നു’, കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിനെക്കുറിച്ച് രാഹുൽ ഗാന്ധി
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നിലപാടാവർത്തിച്ച് രാഹുൽ ഗാന്ധി. പഴയ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. വർഗീയതയോട് സഹിഷ്ണുത കാണിക്കരുതെന്ന് പോപ്പുലർ ഫ്രണ്ടിനെതിരെയുള്ള എൻഐഎ നടപടിയെ കുറിച്ച് അദ്ദേഹം പ്രതികരിച്ചു. ഭാരത്ത് ജോഡോ യാത്രയ്ക്കിടെ എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.
കഴിഞ്ഞ തവണയും ഞാൻ അത് വ്യക്തമാക്കിയിരുന്നു. ഞാൻ ഇപ്പോഴും എന്റെ പഴയ നിലപാടിൽ ഉറച്ചുനിൽക്കുന്നു. അധ്യക്ഷനായി ആരു വന്നാലും കോൺഗ്രസിന്റെ വിശ്വാസത്തെയും പ്രത്യയശാസ്ത്രത്തെയും പ്രതിനിധീകരിക്കണമെന്നാണ് ഞാൻ വിശ്വസിക്കുന്നത്’ – കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി രാഹുൽ പറഞ്ഞു.
ഉദയ്പൂരിൽ എടുത്ത ‘വൺ മാൻ-വൺ പോസ്റ്റ്’ പ്രമേയം കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ നിലനിൽക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ചുരുക്കത്തിൽ അശോക് ഗെഹ്‌ലോട്ട് മുഖ്യമന്ത്രി സ്ഥാനം രാജിവക്കേണ്ടി വരും. അല്ലെങ്കിൽ പുതിയ അധ്യക്ഷൻ എത്തിയേക്കുമെന്നും രാഹുൽ പറയാതെ പറയുന്നു. വർഗീയതയോട് സഹിഷ്ണുത കാണിക്കരുതെന്നും രാഹുൽ ഗാന്ധി പറഞ്ഞു.