സഹോദരന്റെ ജന്മദിനം ആഘോഷിക്കാനെത്തിയ യുവതിയെ കൂട്ടബലാത്സംഗം ചെയ്തു
ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലയിൽ ഡൽഹി സ്വദേശിനിയായ യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. അഞ്ച് പേർ ചേർന്ന് യുവതിയെ തട്ടിക്കൊണ്ടുപോയ ശേഷം അതി ക്രൂരമായി പീഡിപ്പിച്ചു. സഹോദരന്റെ ജന്മദിനം ആഘോഷിക്കാൻ നന്ദ്ഗ്രാമിൽ എത്തിയതായിരുന്നു പെൺകുട്ടി. സംഭവത്തിൽ നാല് പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
‘ഒക്‌ടോബർ 18ന് പുലർച്ചെ 3.30ഓടെ ആശ്രമം റോഡിന് സമീപം ഒരു സ്ത്രീ കിടക്കുന്നതായി നന്ദ്‌ഗ്രാം പൊലീസിന് വിവരം ലഭിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഗുരുതരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി. ഇരയെ ചോദ്യം ചെയ്തപ്പോൾ താൻ ഡൽഹി നിവാസിയാണെന്നും സഹോദരന്റെ ജന്മദിനം ആഘോഷിക്കാൻ നന്ദ്ഗ്രാമിൽ എത്തിയതാണെന്നും പെൺകുട്ടി പറഞ്ഞു.’ – ഗാസിയാബാദ് സിറ്റി പൊലീസ് സൂപ്രണ്ട് നിപുൺ അഗർവാൾ പറഞ്ഞു.
ഇരയുമായി പരിചയമുള്ളവരണ് പ്രതികളെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി സൂപ്രണ്ട് അഗർവാൾ കൂട്ടിച്ചേർത്തു. പ്രതികളുടെ എണ്ണം സംബന്ധിച്ച് ഇരയുടെ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും, അറസ്റ്റിലായ പ്രതികളുടെ ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു. ഇരയുടെ സഹോദരന്റെ പരാതിയിൽ പൊലീസ് കേസെടുത്തു. ഗാസിയാബാദും ഡൽഹി പൊലീസും ഈ കേസ് അന്വേഷിക്കുന്നുണ്ട്.
“രക്തത്തിൽ കുളിച്ച നിലയിലാണ് സ്ത്രീയെ കണ്ടെത്തിയത്, അവളുടെ ഉള്ളിൽ ഒരു ഇരുമ്പ് ദണ്ഡ് ഉണ്ടായിരുന്നു. സ്ത്രീ ഗുരുതരാവസ്ഥയിലാണ്. എസ്എസ്പി ഗാസിയാബാദിന് നോട്ടീസ് നൽകിയിട്ടുണ്ട്” – ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു.