Friday, January 10, 2025
National

നാലംഗ കുടുംബത്തെ കൊന്ന് കത്തിച്ചു, മരിച്ചവരിൽ ആറുമാസം പ്രായമുള്ള കുഞ്ഞും

രാജസ്ഥാനിൽ നാലംഗ കുടുംബത്തെ കൊന്ന് കത്തിച്ചു. മരിച്ചവരിൽ ആറുമാസം പ്രായമുള്ള കുഞ്ഞും ഉൾപ്പെടുന്നു. പ്രതികാരമാണ് കൂട്ടക്കൊലയ്ക്ക് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

ജോധ്പൂരിലെ ചെറായി ഗ്രാമത്തിലാണ് ക്രൂരമായ കൊലപാതകം നടന്നത്. വീടിനുള്ളിൽ അതിക്രമിച്ച് കയറിയ അക്രമികൾ ഇവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ പുറത്തേക്ക് വലിച്ചെറിഞ്ഞ് കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു. പിന്നീട് വീടിന് തീവെച്ച ശേഷം ഇവർ രക്ഷപ്പെട്ടതായാണ് വിവരം. വീട്ടിൽ നിന്ന് തീ ഉയരുന്നത് കണ്ട് ഗ്രാമവാസികൾ ഓടിയെത്തിയപ്പോഴാണ് വീടിന് പുറത്ത് കത്തിക്കരിഞ്ഞ നിലയിൽ നാല് മൃതദേഹങ്ങൾ കണ്ടത്.

തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പ്രഥമദൃഷ്ട്യാ കൊലപാതകമാണെന്ന് സംശയിക്കുന്നതായി സ്ഥലത്തെത്തിയ എസ്പി (ജോധ്പൂർ റൂറൽ) ധർമേന്ദ്ര സിംഗ് യാദവ് പറഞ്ഞു. കുടുംബവുമായുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ച് മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. കൂട്ടക്കൊലയിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *