Friday, January 10, 2025
National

രാത്രി വൈകി ഫോണിൽ സംസാരിച്ചതിന് പെൺകുട്ടിയെ കഴുത്തു ഞെരിച്ചു കൊന്ന് രണ്ടാനച്ഛൻ

ഹൈദരാബാദ്: രാത്രി വൈകി ഫോണിൽ സംസാരിച്ചതിന് പെൺകുട്ടിയെ കഴുത്തു ഞെരിച്ചു കൊന്ന് രണ്ടാനച്ഛൻ. ഹൈദരാബാദിനടുത്തുള്ള മുഷീറാബാദ് സ്വദേശിയായ യാസ്മിനുന്നിസ ആണ് കൊല്ലപ്പെട്ടത്. രാത്രി ഒരു മണിക്ക് ഫോൺ ചെയ്യുന്നത് കണ്ട രണ്ടാനച്ഛൻ മുഹമ്മദ് തൗഫീഖ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പൊലീസ് പറയുന്നതിങ്ങനെ… മുഹമ്മദ് തൌഫീഖ് മുർഷീറാബാദിലെ ബക്കാാറാം സ്വദേശിയാണ്. ഇയാളുടെ വളർത്തു മകൾ അർധരാത്രി ഒരു മണിക്ക് ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഇത് കണ്ടെത്തിയ തൌഫീഖ് പെൺകുട്ടിയിൽ നിന്ന് ഫോൺ തട്ടിപ്പറിച്ചെടുക്കുകയും, മൊബൈൽ അൺലോക്ക് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. ഇത് നിഷേധിക്കുകയും തൌഫീഖുമായി പെൺകുട്ടി തർക്കത്തിൽ ഏർപ്പെടുകയും ചെയ്തു.

തുടർന്ന് പെൺകുട്ടിയെ രാവിലെ മൂന്നുമണിയോടെ ഇയാൾ പെൺകുട്ടിയെ കഴുത്തുഞരിച്ച് കൊലപ്പെടുത്തി. രാവിലെ ആറു മണിക്ക് പൊലീസിന് മുന്നിൽ ഹാജരാവുകയും ചെയ്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് മൃതദേഹം പോസ്റ്റ് മോർട്ടത്തിന് അയച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, ദില്ലിയിലെ ശ്രദ്ധ വാക്കറിന്‍റെ കൊലപാതകത്തിന് സമാനമായ സംഭവം രാജസ്ഥാനിലും. ജയ്പൂരിൽ യുവാവ് ബന്ധുവായ സ്ത്രീയെ കൊന്ന് കഷ്ണങ്ങളാക്കി. പത്താക്കി മുറിച്ച മൃതദേഹ ഭാഗങ്ങൾ ഹൈവേയ്ക്ക് സമീപം ഉപേക്ഷിച്ച പ്രതിയെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ജയ്പൂർ സ്വദേശിയായ അനുജ് ശ‌ർമയാണ് രാജസ്ഥാൻ പൊലീസിന്‍റെ പിടിയിലായത്.

ഡിസംബർ 11 നാണ് വിധവയായ സ്ത്രീയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കൾ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയത്. കേസിൽ ഇപ്പോൾ അറസ്റ്റിലായ അനൂജടക്കമുള്ള ബന്ധുക്കലാണ് ഇവരെ കാണാനില്ലെന്ന് കാട്ടി സ്റ്റേഷനിലെത്തി പരാതി നൽകിയത്. പൊലീസിൽ പരാതി നൽകിയ ശേഷം പിന്നീട് വീട്ടിലെത്തിയ അനൂജ് ചുമർ തുടയ്ക്കുന്നത് സഹോദരിയുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് കൊലപാതകം ചുരുളഴിഞ്ഞത്. അനൂജ് ചുമരിലെ രക്തക്കറയാണ് തുടച്ചുനീക്കിയതെന്നായിരുന്നു സഹോദരിക്ക് സംശയം തോന്നിയത്. ഈ വിവരം അവർ വീട്ടിലുള്ളവരോട് പറഞ്ഞു. ഇതിന് പിന്നാലെ ബന്ധുക്കൾ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് വീട്ടിലെത്തി അനൂജിനെ വിശദമായി ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്‍റെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്.

Leave a Reply

Your email address will not be published. Required fields are marked *