Monday, January 6, 2025
Kerala

കെ.സി.ലിതാരയുടെ മരണം; കോച്ചിന്റെ ആളുകൾ കുടുംബത്തെ ഭീഷണിപ്പെടുത്തി

ബാസ്‌ക്കറ്റ് ബോൾ താരം കെസി.ലിതാരയുടെ ദുരൂഹ മരണം സംബന്ധിച്ച കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോച്ച് രവി സിംഗിന്റെ ആളുകൾ കുടുംബത്തെ ഭീഷണി പെടുത്തിയതായി പരാതി. കേസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. 25 ലക്ഷം രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തു. ഇതോടെ കുടുംബം കുറ്റ്യാടി പൊലീസിൽ പരാതി നൽകി.

മലയാളി ബാസ്കറ്റ്ബോൾ താരം കെ.സി.ലിതാരയുടെ ദുരൂഹമരണത്തിൽ ബിഹാർ പൊലീസ് അന്വേഷണം അവസാനിപ്പിക്കാൻ ശ്രമം തുടരുന്നതിനിടെയാണ് കുടുംബത്തിനു നേരെയുള്ള ഭീഷണി. കോച്ച് രവിസിംഗിന്റെ ശാരീരിക , മാനസിക പീഡനമാണ് മരണകാരണമെന്നാണ് മാതാപിതാക്കൾ ആരോപിക്കുന്നത്.
എന്നാൽ അന്വേഷണത്തിൽ ബിഹാർ പൊലീസ് ഇക്കാര്യം പരിഗണിച്ചിട്ടില്ല. കോച്ചിനെ ഇതുവരെ ചോദ്യം ചെയ്തില്ല. അന്വേഷണ റിപ്പോർട്ടിൽ നടപടിയായില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ശംഭുസിംഗ് ട്വന്റിഫോറിനോട് പറഞ്ഞു. സർക്കാർ ഇടപെടൽ തേടി കുടുംബം കായിക മന്ത്രിക്ക് നിവേദനം നൽകും.

ഏപ്രിൽ 26നാണ് കെ.സി.ലിതാരയെ പട്‌നയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഏപ്രിൽ 27നാണ് ബന്ധുക്കൾക്ക് വിട്ടുനൽകിയത്.

മരണം നടന്ന ദിവസം ഉച്ചയ്ക്ക് 1.40 ഓടെയാണ് ലിതാരയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്തിയത്. ആ സമയം ആരോപണ വിധേയനായ കോച്ച് രവിസിംഗ് ആശുപത്രിയിലുണ്ടായിരുന്നു. അമ്മാവൻ രാജീവിന്റെ പരാതിയിൽ രവി സിംഗിനെതിരെ പൊലീസിൽ പരാതി നൽകിയെങ്കിലും യാതൊരു നടപടികളുമുണ്ടായില്ല. ട്വന്റിഫോർ വാർത്തയും നിരന്തര ഇടപെടലുമാണ് ലിതാരയുടെ മരണത്തിന്റെ അന്വേഷണത്തിന് ഊർജം നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *