യുപിയിൽ ബിജെപി നേതാവിനെ അടിച്ചുകൊന്നു
ഉത്തർപ്രദേശിൽ ബിജെപി നേതാവിനെ തല്ലിക്കൊന്നു. ബിജെപി ബൂത്ത് പ്രസിഡൻ്റ് ദിനേശ് സിംഗ് (40) ആണ് കൊല്ലപ്പെട്ടത്. രണ്ട് ബൈക്കുകളിലായെത്തിയ ആറ് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.
സംഗ്രാംപൂർ പ്രദേശത്തെ സാഹ്ജിപൂർ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സംഗ്രാംപൂർ പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ധൗരഹര സ്വദേശിയായ ദിനേശ് ബൈക്കിൽ വീട്ടിലേക്ക് പോവുകയായിരുന്നു. ബിത്താരിക്ക് സമീപം രണ്ട് ബൈക്കുകളിലായി എത്തിയ 6 പേർ ഇയാളെ തടഞ്ഞു. പിന്നീട് ഇരുമ്പ് വടികൾ ഉപയോഗിച്ച് ആക്രമിക്കാൻ തുടങ്ങി.
നിലവിളി കേട്ട് ആളുകൾ വരുന്നത് കണ്ട് അക്രമികൾ ഓടി രക്ഷപ്പെട്ടു. ഗുരുതരാവസ്ഥയിൽ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ ദിനേശ് മരിച്ചു. സംഗ്രാംപൂരിലെ ധൗർഹാര നിവാസിയായ ദിനേഷ് സിംഗ് ബിജെപിയുടെ സജീവ പ്രവർത്തകനും ബൂത്ത് പ്രസിഡന്റുമായിരുന്നു. അക്രമികൾക്കായി തെരച്ചിൽ നടത്തിവരികയാണെന്ന് എസ്എച്ച്ഒ നിർമൽ സിംഗ് പറഞ്ഞു.