Thursday, April 17, 2025
National

അന്ന് നിർഭയക്ക് നീതി തേടിയ അഭിഭാഷകൻ ഇന്ന് ബ്രിജ്ഭൂഷണ് വേണ്ടി വാദിക്കുന്നു

2012 ഡിസംബർ 16 ന്‌ രാത്രി രാജ്യ തലസ്ഥാനത്തെ തിരക്കേറിയ റോഡിലൂടെ ഒരു ബസ്‌ പാഞ്ഞുപോകുമ്പോൾ അതിൽ നിന്നുയർന്ന ഹൃദയഭേദകമായ നിലവിളി ആരും കേട്ടില്ല. ആ ബസിലാണ്‌ 23 കാരിയായ പാരാമെഡിക്കൽ വിദ്യാർത്ഥിനി നിർഭയയെ ആറ്‌ പേർ കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയത്‌. രാജ്യത്തെ നടുക്കിയ കേസിലെ വാദപ്രതിവാദങ്ങൾക്കൊടുവിൽ കുറ്റവാളികൾക്ക് വധശിക്ഷ നേടിക്കൊടുത്ത പബ്ലിക് പ്രോസിക്യൂട്ടർ രാജീവ് മോഹനെ ഇന്നും ആരും മറന്നിട്ടുണ്ടാകില്ല.

രാജീവ് മോഹൻ ഇന്ന് വീണ്ടും വാർത്തകളിൽ നിറയുകയാണ്. വനിതാ ഗുസ്തി താരങ്ങളുടെ ലൈംഗിക പീഡനക്കേസിൽ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനായി കോടതിയിൽ ഹാജരാകുന്നത് ഇതേ അഭിഭാഷകനാണ്. അതേ അന്ന് നിർഭയക്ക് നീതി തേടിയ അഭിഭാഷകൻ ഇന്ന് ബ്രിജ്ഭൂഷണ് വേണ്ടി വാദിക്കുന്നു. പീഡനക്കേസിൽ കഴിഞ്ഞ ദിവസമാണ് ബ്രിജ് ഭൂഷണ് ഡൽഹി റോസ് അവന്യൂ കോടതി രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. ചൊവ്വാഴ്ച ബ്രിജ് ഭൂഷനെ പ്രതിനിധീകരിച്ച് രാജീവ് മോഹൻ കോടതിയിൽ എത്തി.

ഈ വർഷം ജൂണിൽ, ഗുസ്തി താരങ്ങളുടെ ആരോപണങ്ങൾ ശരിയായി അന്വേഷിക്കുകയും അവർക്ക് നീതി ലഭിക്കുകയും ചെയ്തില്ലെങ്കിൽ, അത് നമ്മുടെ നീതിന്യായ വ്യവസ്ഥയ്ക്ക് കളങ്കമാകുമെന്ന് നിർഭയയുടെ അമ്മ പറഞ്ഞിരുന്നു. ജൂണ്‍ 15-നാണ് ബ്രിജ് ഭൂഷണിനെതിരേ ഡല്‍ഹി പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 (സ്ത്രീകളുടെ അന്തസ്സ് ഹനിക്കല്‍), 354 എ (ലൈംഗികപീഡനം), 354 ഡി (പിന്തുടര്‍ന്ന് ശല്യംചെയ്യല്‍), 506 (ഭീഷണിപ്പെടുത്തല്‍) എന്നീ കുറ്റങ്ങളാണ് ബ്രിജ് ഭൂഷണെതിരേ കുറ്റപത്രത്തിലുള്ളത്. ഇവയില്‍ 354 ഡി ഒഴികേയുള്ള കുറ്റങ്ങളും പ്രേരണാക്കുറ്റവും (109) തോമറിന്റെ പേരില്‍ ചുമത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *