ബിജെപി നേതാവിനെ കുടുംബാംഗങ്ങളുടെ കൺമുന്നിൽ മാവോയിസ്റ്റുകൾ കൊലപ്പെടുത്തി
ഛത്തീസ്ഗഡിലെ ബിജാപൂരിൽ ബിജെപി നേതാവിനെ മാവോയിസ്റ്റുകൾ ക്രൂരമായി വെട്ടിക്കൊന്നു. ബിജെപിയുടെ മണ്ഡലം പ്രസിഡന്റ് നീലകണ്ഠ് കാക്കെയാണ് കുടുംബാംഗങ്ങളുടെ കൺമുന്നിൽ കൊല്ലപ്പെട്ടത്. ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോകവെയാണ് നീലകണ്ഠ് ആക്രമിക്കപ്പെട്ടത്.
പ്രാദേശിക തലത്തിൽ ബിജെപിയുടെ ശക്തനായ നേതാവായിരുന്ന നീലകണ്ഠ് കാക്കെ, കഴിഞ്ഞ 15 വർഷമായി ഉസൂർ ബ്ലോക്ക് മണ്ഡലം പ്രസിഡന്റായിരുന്നു. ഫെബ്രുവരി അഞ്ചിന് കുടുംബസമേതം തന്റെ സഹോദരഭാര്യയുടെ വിവാഹത്തിൽ പങ്കെടുക്കാൻ സ്വന്തം ഗ്രാമത്തിലേക്ക് പോയി. തീവ്ര മാവോയിസ്റ്റ് ബാധിത പ്രദേശത്താണ് ഈ ഗ്രാമം വരുന്നത്. യാത്രയ്ക്കിടയിൽ മാരക ആയുധങ്ങളുമായി എത്തിയ മാവോയിസ്റ്റുകൾ വണ്ടി തടഞ്ഞു.
കാറിൽ നിന്നും വലിച്ചിറക്കി കോടാലിയും കത്തിയും ഉപയോഗിച്ച് അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. പിന്നാലെ സംഘം ഓടി രക്ഷപ്പെട്ടു. നീലകണ്ഠ് സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്നാണ് വിവരം. സംഘത്തിൽ മൂന്ന് പേർ ഉണ്ടായിരുന്നതായും വീട്ടുകാരുടെയും മറ്റ് നാട്ടുകാരുടെയും സാന്നിധ്യത്തിലാണ് കൊലപാതകമെന്നും ഭാര്യ ലളിത കക്കെം പറഞ്ഞു. നിരോധിത സിപിഐഎമ്മിൻ്റെ സായുധ പ്രവർത്തകരാണ് സംഭവത്തിന് പിന്നിലെന്ന് അസിസ്റ്റന്റ് പൊലീസ് സൂപ്രണ്ട് ചന്ദ്രകാന്ത് ഗവർണ പറഞ്ഞു.