Thursday, January 2, 2025
National

പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം

ജൂലൈ 20 മുതൽ ആരംഭിക്കുന്ന പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി കേന്ദ്രസർക്കാർ വിളിച്ച സർവകക്ഷിയോഗം ഇന്ന്. മൺസൂൺ സെഷനുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും. പാർലമെന്റിന്റെ സുഗമമായ പ്രവർത്തനത്തിന് പ്രതിപക്ഷത്തിന്റെ സഹകരണം സർക്കാർ തേടും.

രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖർ ചൊവ്വാഴ്ച സർവകക്ഷിയോഗം വിളിച്ചിരുന്നുവെങ്കിലും പല പാർട്ടികളുടെയും നേതാക്കൾ എത്താത്തതിനാൽ യോഗം മാറ്റുകയായിരുന്നു. കഴിഞ്ഞ ദിവസം ബംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളും, ഭരണകക്ഷിയായ നാഷണൽ ഡെമോക്രാറ്റിക് അലയൻസും ദേശീയ തലസ്ഥാനത്ത് യോഗം ചേർന്നിരുന്നു.

ഇതിനിടെ, പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി, രാജ്യസഭാ നേതാവ് പിയൂഷ് ഗോയൽ എന്നിവരുൾപ്പെടെയുള്ള കാബിനറ്റ് സഹപ്രവർത്തകരുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തി. ഇന്ന് ചേരുന്ന സർവകക്ഷിയോഗത്തിനുള്ള തന്ത്രമാണ് ഈ യോഗത്തിൽ ആസൂത്രണം ചെയ്തതെന്ന് വൃത്തങ്ങൾ അറിയിച്ചു. പാർലമെന്റ് സമ്മേളനത്തിന് മുമ്പ് സർവകക്ഷിയോഗം വിളിച്ച് വിവിധ കക്ഷികൾ തങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കുന്ന കീഴ്വഴക്കം നിലവിലുണ്ട്.

ജൂലൈ 20നാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം ആരംഭിക്കുന്നത്. ഓഗസ്റ്റ് 11 വരെ സമ്മേളനം തുടരും. അതേസമയം സമ്മേളനം പ്രക്ഷുബ്ധമാകാനാണ് സാധ്യത. ഒരു വശത്ത്, സുപ്രധാന ബില്ലുകൾ പാസാക്കാൻ ഭരണകക്ഷി ശ്രമിക്കുമ്പോൾ, മറുവശത്ത്, മണിപ്പൂരിലെ അക്രമം, റെയിൽ സുരക്ഷ, വിലക്കയറ്റം, അദാനി കേസിൽ ജെപിസി രൂപീകരിക്കാനുള്ള ആവശ്യം തുടങ്ങി മറ്റ് വിഷയങ്ങളിൽ ഉന്നയിക്കാൻ പ്രതിപക്ഷവും തയ്യാറെടുക്കുയാണ്.

Leave a Reply

Your email address will not be published. Required fields are marked *