‘ബിജെപി ഭയത്തിൻ്റെ അന്തരീക്ഷം സൃഷ്ടിച്ച് വിദ്വേഷം പരത്തുന്നു’- രാഹുൽ ഗാന്ധി
ബിജെപിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി. രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിച്ച് വിദ്വേഷം പരത്തുന്നു. മാധ്യമങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമാണ് കാണിക്കുന്നതെന്നും ജനം നേരിടുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നില്ലെന്നും രാഹുൽ ആരോപിച്ചു. പത്താൻകോട്ട് പൊതുയോഗത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനെയും രാഹുൽ ഗാന്ധി വിമർശിച്ചു. ‘ലോക്‌സഭയിൽ നിങ്ങൾ എന്നോടൊപ്പം ഉണ്ടായിരുന്നു (മാൻ എംപി ആയിരുന്നപ്പോൾ). താങ്കളും അരവിന്ദ് കെജ്രിവാളും തമ്മിൽ വലിയ വ്യത്യാസമുണ്ട്. ഞാൻ നിങ്ങളെ ബഹുമാനിക്കുന്നു, കോൺഗ്രസ് പാർട്ടിയുടെ വേദിയിൽ നിന്നാണ് ഞാൻ ഇത് പറയുന്നത്. എന്നാൽ പഞ്ചാബിനെ ഡൽഹിയിൽ നിന്ന് നയിക്കരുത്.’- രാഹുൽ പറഞ്ഞു.
‘പഞ്ചാബിലെ പുതിയ എഎപി സർക്കാരിനെക്കുറിച്ച് താൻ ഒരു കർഷകനോട് ചോദിച്ചു. ഇതൊരു റിമോട്ട് കൺട്രോൾ സർക്കാരാണെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി’ രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. കഴിഞ്ഞ വർഷം ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിലെ പൊതുപണം പരസ്യങ്ങൾക്കായി ഉപയോഗിച്ചതായി അദ്ദേഹം ആരോപിച്ചു. അത് തെറ്റാണെന്നും പഞ്ചാബിലെ ജനങ്ങളുടെ പണമാണെന്നും രാഹുൽ വ്യക്തമാക്കി.
പഞ്ചാബിലെ ഭാരത് ജോഡോ യാത്രയുടെ അവസാന ദിവസമാണിത്. ഇവിടെ നിന്നും യാത്ര ജമ്മു കശ്മീരിൽ പ്രവേശിക്കും. ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് എന്നിവരും രാഹുൽ ഗാന്ധിക്കൊപ്പം പത്താൻകോട്ടിൽ നടന്ന പൊതുയോഗത്തിൽ എത്തിയിരുന്നു.