ഭീകരവാദത്തിനെതിരെ പോരാടുന്നതില്‍ ആഗോളതലത്തില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി യുഎഇ
ആഗോള ഭീകരവാദ സൂചികയില്‍ (ജിടിഐ) തുടര്‍ച്ചയായ നാലാം വര്‍ഷവും യുഎഇ ഒന്നാം സ്ഥാനം നിലനിര്‍ത്തി. തീവ്രവാദ പ്രവര്‍ത്തനങ്ങളെ ചെറുക്കുന്നതിന് ഫലപ്രദമായ നടപടികള്‍ കൈക്കൊള്ളുന്ന ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാവുകയാണ് ഇതോടെ യുഎഇ.
ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇക്കണോമിക്‌സ് ആന്‍ഡ് പീസിന്റെ കണ്ടെത്തലുകളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നടത്തിയിരിക്കുന്നത്. വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയമാണ് ആഗോള ഭീകരവാദ സൂചികകളെ വിലയിരുത്തുന്നത്.
സൊമാലിയന്‍ തലസ്ഥാനമായ മൊഗാദിഷുവിലെ ഹവാദ്ലിയില്‍ സൈനിക ക്യാമ്പ് ആക്രമിച്ച സംഭവത്തെ യുഎഇ ഇന്നലെ ശക്തമായി അപലപിച്ചിരുന്നു. സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തില്‍ നിരവധി സൈനികരാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തെ യുഎഇ ശക്തമായി അപലപിക്കുന്നുവെന്നും സുരക്ഷയും സ്ഥിരതയും തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും എതിര്‍ക്കുമെന്നും വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.