ശിവകാശിയിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; ഒരു തൊഴിലാളി മരിച്ചു
ഇന്ത്യയുടെ പടക്ക നിർമാണ കേന്ദ്രമായ തമിഴ്‌നാട്ടിലെ ശിവകാശിയിൽ തീപിടിത്തം. പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ ഒരു തൊഴിലാളി മരിച്ചു. 140 ഓളം തൊഴിലാളികൾ ജോലി ചെയ്തിരുന്ന പടക്ക നിർമ്മാണശാലയിലാണ് തീപിടിത്തമുണ്ടായത്.
ശിവകാശി സെങ്കമലപട്ടിയിലുള്ള ഫാക്ടറിയുടെ അസംസ്‌കൃത വസ്‌തുക്കൾ മിക്‌സ് ചെയ്യുന്ന മുറി പൂർണമായും കത്തി നശിച്ചു. തിരുത്തങ്കല്ലൈ സ്വദേശി രവി എന്ന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. മറ്റൊരു തൊഴിലാളിയായ സാമുവൽ ജയരാജിനെ ഗുരുതരമായ പരിക്കുകളോടെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താൻ ശിവകാശി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൃഷ്ണമൂർത്തി എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫാക്ടറിയുടെ അനുമതികളും സുരക്ഷാ നടപടികളും പൊലീസ് പരിശോധിക്കും.