ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമം; സാധ്യമായിടത്ത് സി സി ടി വി ക്യാമറകൾ സ്ഥാപിക്കുമെന്ന് സർക്കാർ കോടതിയിൽ
ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമങ്ങൾ സംബന്ധിച്ച കേസുകൾ തുടർക്കഥയാകുന്നതിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആശങ്ക അറിയിച്ചു. സാധ്യമായിടത്ത് സി സി ടി വി ക്യാമറകൾ സ്ഥാപിക്കുമെന്നും രോഗികളുടെ ബന്ധുക്കളെ വിവരങ്ങൾ ധരിപ്പിക്കാനായി രണ്ട് വാർഡുകൾക്ക് ഒന്ന് എന്ന കണക്കിൽ ബ്രീഫിഗ് റൂമും സജ്ജീകരിക്കുമെന്നും സർക്കാർ കോടതിയെ അറിയിച്ചു.
23 ഇന നിർദ്ദേശങ്ങളും അവർ മുന്നോട്ടു വച്ചു. എല്ലാ മെഡിക്കൽ കോളേജുകളിലും പോലീസ് എയ്ഡ് പോസ്റ്റുകളും സ്ഥാപിക്കും. സെക്യൂരിറ്റി ഗാർഡ്സ് കൃത്യമായ ഇടവേളകളിൽ റൗണ്ട്സ് നടത്തും എന്ന് ഉറപ്പാക്കും. വേണ്ടി വരുകയാണെങ്കിൽ ആരോഗ്യ പ്രവർത്തകർക്കും സ്ഥാപനങ്ങൾക്കും എതിരായ അതികമങ്ങൾ തടയുന്ന പുതിയ നിയമത്തിൽ വീണ്ടും ഭേദഗതികൾ വരുത്താൻ സർക്കാർ തയ്യാറാണ്. ഭേദഗതികൾ സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകാൻ കോടതി കക്ഷികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ആരോഗ്യ പ്രവർത്തകർക്ക് എതിരായ അതിക്രമങ്ങളെ കുറിച്ച് പരാതി കിട്ടിയാൽ ഒരു മണിക്കൂറിനുള്ളിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്യണമെന്ന് നേരത്തെ കോടതി വ്യക്തമാക്കിയിരുന്നു. കേരള പ്രൈവറ്റ് ഹോസ്പിറ്റൽ അസോസിയേഷൻ ഹർജിക്കാരായ ഈ കേസിലാണ് ഇത്തരത്തിൽ ഉത്തരവിട്ടത്. ജനങ്ങൾ പെരുമാറാൻ പഠിക്കണമെന്നും ആരോഗ്യ പ്രവർത്തകരോട് മര്യാദയോടെ പെരുമാറണമെന്നും കോടതി അഭിപ്രായപ്പെട്ടു.
ഈ വിഷയത്തിൽ ഇതുവരെ എടുത്ത നടപടികൾ സംബന്ധിച്ച് സർക്കാർ റിപ്പോർട്ട് നൽകണം. ജസ്റ്റിസുമാരായ ദേവൻ രാമചന്ദ്രനും കൗസർ എടപ്പഗത്തും ചേർന്ന ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. കേസ് ഏപ്രിൽ 16ന് വീണ്ടും പരിഗണിക്കും.