രാജസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയ 2 കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി; 6 വയസുകാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു
രാജസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ദക്ഷിണ ഡൽഹിയിലെ മെഹ്‌റൗളി വനത്തിൽ നിന്നാണ് മൃതദേഹങ്ങൾ ലഭിച്ചത്. രാജസ്ഥാൻ പൊലീസിന്റെയും ഡൽഹി പൊലീസിന്റെയും സംയുക്ത തെരച്ചിലിനിടെയാണ് കണ്ടെത്തൽ. അതേസമയം മൂന്നാമത്തെ കുട്ടി ജീവനോടെ രക്ഷപ്പെട്ടു.
പൊലീസ് പറയുന്നതനുസരിച്ച് ഒക്ടോബർ 15 ന് രാജസ്ഥാനിലെ അൽവാറിൽ നിന്ന് മൂന്ന് സഹോദരന്മാരെ കാണാതായി. 13 കാരനായ അമൻ, എട്ട് വയസുള്ള വിപിൻ, ആറ് വയസുള്ള ശിവ എന്നിവരെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി അന്വേഷണത്തിൽ കണ്ടെത്തി. തുടർന്ന് തട്ടിക്കൊണ്ടുപോയവർ കുട്ടികളുടെ പിതാവ് ഗുസാൻ സിംഗിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടു.
സംഭവത്തിൽ രണ്ട് പേരെ പൊലീസ് പിടികൂടി. ചോദ്യം ചെയ്യലിൽ കുട്ടികളെ തട്ടിക്കൊണ്ടുപോയി ഡൽഹിയിൽ കൊണ്ടുവന്ന് കൊലപ്പെടുത്തി മെഹ്‌റൗളിയിലെ വനത്തിൽ കുഴിച്ചിട്ടതാണെന്ന് പ്രതികൾ സമ്മതിച്ചു. എന്നാൽ ഇതിൽ ഇളയ കുട്ടി ശിവ (ആറ് വയസ്സ്) രക്ഷപ്പെട്ടു. പ്രതികൾ ആദ്യം കഴുത്ത് ഞെരിച്ചാണ് ശിവയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. എന്നാൽ, കുട്ടി മരിച്ചില്ല. പിന്നീട് ബോധം തെളിഞ്ഞ കുട്ടി കാട്ടിൽ നിന്ന് റോഡിലേക്ക് വന്നു.
സമീപം ഉണ്ടായിരുന്ന പൊലീസുകാരുടെ അടുത്തേക്ക് കുട്ടി നിലവിളിച്ചെത്തി. ഉദ്യോഗസ്ഥർ കുട്ടിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാൽ എന്താണ് സംഭവിച്ചതെന്ന് പറയാൻ കുട്ടിക്ക് കഴിഞ്ഞില്ല. പിന്നാലെ ഇവർ കുട്ടിയെ അടുത്ത ചൈൽഡ് ലൈനിൽ ഏൽപ്പിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് രാജസ്ഥാനിൽ നിന്ന് തട്ടിക്കൊണ്ടുപോയ മൂന്ന് സഹോദരന്മാരിൽ ഒരാളാണ് ഇതെന്ന് കണ്ടെത്തുന്നത്.