Sunday, January 5, 2025
National

യാത്രക്കാർ തമ്മിൽ തർക്കം; ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് യാത്രക്കാരനെ തള്ളിയിട്ടു

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിൽ നിന്ന് സഹയാത്രികനെ തള്ളിയിട്ട പ്രതി പിടിയിൽ. യാത്രക്കാർ തമ്മിലുണ്ടായ തർക്കത്തിനിടെയാണ് സംഭവം. വീഴ്ചയിൽ ഇരയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. പശ്ചിമ ബംഗാളിലെ ബിർഭും ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം.

ബിർഭും ജില്ലയിലെ തരാപിത്ത് റോഡിനും രാംപുരാഹട്ട് റെയിൽവേ സ്റ്റേഷനും ഇടയിലാണ് സംഭവം. ഹൗറയിൽ നിന്ന് മാൾഡ്യയിലേക്കുള്ള ഇന്റർസിറ്റി എക്‌സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന രണ്ടുപേർ തമ്മിൽ വാക്കുതർക്കമുണ്ടായി. ക്രമേണ സംഗതി തർക്കത്തിലെത്തി. പ്രകോപിതനായ ഒരു യാത്രക്കാരൻ മറ്റൊരാളെ ട്രെയിനിൽ നിന്ന് തള്ളിയിട്ടു.

ഞായറാഴ്ച രാവിലെ റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് പരുക്കേറ്റ യാത്രക്കാരനെ റെയിൽവേ ട്രാക്കിന്റെ അരികിൽ കണ്ടെത്തിയത്. രാംപൂർഹട്ട് സ്വദേശി സജൽ ഷെയ്ഖ് എന്ന ആൾക്കാണ് പരുക്കേറ്റത്. ഇയാൾ രാംപുരാഹട്ട് സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ നില ഗുരുതരമാണ്. കേസിൽ പ്രതിയെ പൊലീസ് പിടികൂടിയിട്ടുണ്ട്.

സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. മറ്റൊരു യാത്രക്കാരനാണ് സംഭവത്തിന്റെ മുഴുവൻ ദൃശ്യങ്ങളും പകർത്തിയത്. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *