യുപിയിൽ 3 പെൺകുട്ടികളുടെ മൃതദേഹം അണക്കെട്ടിൽ കണ്ടെത്തി
ഉത്തർപ്രദേശിലെ സപരാർ അണക്കെട്ടിൽ മൂന്ന് പെൺകുട്ടികളുടെ മൃതദേഹങ്ങൾ ഒന്നിനു പുറകെ ഒന്നായി കണ്ടെത്തി. ഇവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങൾ നദിയിൽ തള്ളിയതാകാമെന്നാണ് സംശയം. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.
ശനിയാഴ്ച ഉച്ചകഴിഞ്ഞ് നാല് മണിയോടെയാണ് 25 വയസ്സുള്ള പെൺകുട്ടിയുടെ മൃതദേഹം അണക്കെട്ടിൽ ആദ്യം പൊങ്ങിയത്. ഗ്രാമവാസികളാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. മൃതദേഹം തിരിച്ചറിയാൻ പൊലീസ് ശ്രമിക്കുന്നതിനിടെ ഒന്നിന് പിറകെ ഒന്നായി രണ്ട് പെൺകുട്ടികളുടെ മൃതദേഹങ്ങൾ കൂടി അണക്കെട്ടിൽ നിന്ന് കണ്ടെടുത്തു. ഇത് പ്രദേശത്ത് പരിഭ്രാന്തി പരത്തി.
പൊലീസ് മൂന്ന് മൃതദേഹങ്ങളും പുറത്തെടുത്ത് പരിസര പ്രദേശങ്ങളിൽ വിവരമറിയിച്ചെങ്കിലും മൃതദേഹങ്ങൾ തിരിച്ചറിയാനായില്ല. മധ്യപ്രദേശിലെ ടികംഗഡ് ജില്ല സപരാർ ഡാമിൽ നിന്ന് രണ്ട് കിലോമീറ്റർ മാത്രം അകലെയാണ്. ടികംഗഡ് വഴിയാണ് സപരാർ നദി ഇവിടെ എത്തുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ മധ്യപ്രദേശിലാണ് സംഭവം നടന്നതെന്നും മൃതദേഹങ്ങൾ ഇവിടെയെത്തിയതാണെന്നും അനുമാനിക്കുന്നുണ്ട്.