ഉത്തർപ്രദേശിലും ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്നു; ഇതുവരെ കണ്ടെത്തിയത് 116 മൃതദേഹങ്ങൾ
ഉത്തർപ്രദേശിലെ കൂടുതൽ മേഖലകളിൽ നദികളിൽ ഒഴുകി നടക്കുന്ന നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തി. ബല്ലിയ, ഗാസിപൂർ ജില്ലകളിൽ നിന്നായി 45 മൃതദേഹങ്ങളാണ് ഗംഗാ നദിയിൽ നിന്ന് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ബീഹാറിലെ ബക്‌സറിൽ 71 മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു.
ബല്ലിയിലെ ഉജിയാർ, കുൽഹാദിയ, ബറൗലി എന്നിവിടങ്ങളിലാണ് മൃതദേഹങ്ങൾ ഒഴുകി നടക്കുന്നതെന്ന് പ്രദേശവാസികൾ പറഞ്ഞത്. അഴുകി തുടങ്ങിയ അവസ്ഥയിലുള്ള ചില മൃതദേഹങ്ങൾ ബില്ലിയ-ബക്‌സർ പാലത്തിനടിയിൽ കണ്ടെത്തിയതായി ജില്ലാ കലക്ടർ അതിദി സിംഗ് അറിയിച്ചു.
ബീഹാറിൽ നിന്നാണ് മൃതദേഹങ്ങൾ എത്തിയതെന്നാണ് യുപി പോലീസ് പറയുന്നത്. മൃതദേഹങ്ങൾ ജലാശയത്തിൽ തള്ളുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും പരിശോധന കർശനമാക്കാനും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് നിർദേശിച്ചിട്ടുണ്ട്.