Sunday, April 13, 2025
National

‘പ്രശസ്തി തകർക്കാനുള്ള ദുരുദ്ദേശ്യപരമായ ശ്രമം’: ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ ഗൗതം അദാനി

ദില്ലി: അദാനി ഗ്രൂപ്പിനെതിരെ ഹിൻഡൻബർഗ് റിസർച്ചിന്റെ റിപ്പോർട്ട് തങ്ങളുടെ പ്രതിച്ഛായ തകർക്കാനുള്ള ശ്രമമാണെന്ന് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. അദാനി ഗ്രൂപ്പ് തങ്ങളുടെ ആദ്യത്തെ, പൊതു ബോണ്ടുകളുടെ വിൽപ്പന നടത്തുന്നതിന് തൊട്ടുമുമ്പ് പുറത്തിറക്കിയ റിപ്പോർട്ട് “നിക്ഷിപ്ത താൽപ്പര്യങ്ങൾ” നിറഞ്ഞതായിരുന്നെന്നും തെറ്റായ വിവരങ്ങളുടെയും അപകീർത്തിപ്പെടുത്തുന്ന ആരോപണങ്ങളുടെയും സംയോജനമാണ് റിപ്പോർട്ടെന്നും ഗൗതം അദാനി ആരോപിച്ചു. അദാനി ഗ്രൂപ്പിന്റെ വാർഷിക പൊതുയോഗം അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ഗൗതം അദാനി

2004 മുതൽ 2015 വരെയുള്ള കാലയളവിലെ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് റിപ്പോർട്ട് പുറത്തുവന്നത്. എന്നാൽ അവയെല്ലാം ആ സമയത്ത് അധികാരികൾ തീർപ്പാക്കിയിരുന്നു. ഇത് അദാനി ഗ്രൂപ്പിന്റെ പ്രശസ്തി നശിപ്പിക്കാനും അതിന്റെ ഓഹരി വിലകൾ കുറച്ചുകൊണ്ട് ലാഭം ഉണ്ടാക്കാനും ലക്ഷ്യമിട്ടുള്ള ആസൂത്രിതവും ദുരുദ്ദേശപരവുമായ ശ്രമമായിരുന്നുവെന്ന് ഗൗതം അദാനി പറഞ്ഞു.

ഗൗതം അദാനിയുടെ എഡൽവെയ്‌സ് ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ്, എകെ ക്യാപിറ്റൽ, ജെഎം ഫിനാൻഷ്യൽ, ട്രസ്റ്റ് ക്യാപിറ്റൽ എന്നിവയുമായി ചേർന്ന് ജനുവരിയിൽ പൊതു ബോണ്ടുകളുടെ വിൽപ്പന നടത്താൻ പദ്ധതിയിട്ടിരുന്നു. ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് വിപണി തകർച്ച നേരിട്ട അദാനി ഗ്രൂപ് ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. അതേസമയം അന്താരാഷ്ട്ര തലത്തിൽ ഒരു ക്രെഡിറ്റ് ഏജൻസിയും അദാനി ഗ്രൂപ്പ് സ്ഥാപനങ്ങളുടെ റേറ്റിംഗുകൾ കുറച്ചിട്ടില്ല.

ജനുവരിയിൽ, യുഎസ് ആസ്ഥാനമായുള്ള ഗവേഷക സ്ഥാപനമായ ഹിൻഡൻബർഗ് അദാനി ഗ്രൂപ്പിനെക്കുറിച്ചുള്ള ഒരു റിപ്പോർട്ട് പുറത്തിറക്കി, റിപ്പോർട്ടിൽ അദാനി ഗ്രൂപ്പ് ഓഹരി മൂല്യം ഉയർത്തി കാട്ടി തട്ടിപ്പ് നടത്തിയതായി ആരോപിക്കുന്നു. ഒരു ദശാബ്ദക്കാലമായി ഓഹരി വിപണിയിൽ കൃത്രിമത്വം കാട്ടിയെന്നും മാത്രമല്ല, അക്കൗണ്ടിംഗ് തട്ടിപ്പുകളിലും ഈ കമ്പനി ഉൾപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് പറഞ്ഞു. ഇതിനെ തുടർന്ന് കമ്പനിയുടെ ഓഹരികളുടെയും ബോണ്ടുകളുടെയും വില കുത്തനെ ഇടിഞ്ഞു.

ഇതോടെ, അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്ക് 20 ബില്യൺ ഡോളറിലധികം അല്ലെങ്കിൽ അദ്ദേഹത്തിന്റെ മൊത്തം സമ്പത്തിന്റെ അഞ്ചിലൊന്ന് നഷ്ടമായെന്നാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരനെന്ന നേട്ടവും അദാനിക്ക് നഷ്ടമായി.
വിപണിയിൽ ഓഹരി മൂല്യം ഇടിഞ്ഞതോടെ അദാനി ഗ്രൂപ്പിന് 9.82 ലക്ഷം കോടി രൂപയുടെ (120 ബില്യൺ ഡോളർ) നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *