‘ജനാധിപത്യ കേരളത്തിന്റെ തീരാ നഷ്ടം’; ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ മുസ്ലിം ലീഗ്
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ മുസ്ലിം ലീഗ് നേതാക്കൾ അനുശോചനം രേഖപ്പെടുത്തി. ജനാധിപത്യ കേരളത്തിൻ്റെ തീരാ നഷ്ടമെന്ന് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. മതസൗഹാർദ്ദത്തിന്റെ മുഖമായിരുന്നു ഉമ്മൻചാണ്ടിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി.
സ്നേഹത്തിന്റെയും സാമൂഹിക പ്രതിബദ്ധതയുടെയും പ്രതീകമായിരുന്നു ഉമ്മൻചാണ്ടി. ഒരു മുദ്രാവാക്യം എന്നതിലുപരി ‘അതിവേഗം ബഹുദൂരം’ എന്നത് അദ്ദേഹത്തിന്റെ ജീവിത സന്ദേശമായിരുന്നു. കേരളത്തിലെ ജനങ്ങൾക്ക് ഇത്രയും സുരക്ഷ ഉറപ്പ് നൽകിയ മറ്റൊരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ല. ഉമ്മൻചാണ്ടിയുടെ മരണത്തിലെ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ വിയോഗം യുഡിഎഫിലും കേരളത്തിലും വലിയ ഒരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉമ്മൻചാണ്ടി ഇല്ലാത്ത കേരളം, ജനങ്ങളുടെ ഉമ്മന്‍ചാണ്ടിയെയാണ് നഷ്ടമായിരിക്കുന്നത്. എല്ലാക്കാലത്തും എല്ലാവരെയും കൂട്ടിയിണക്കിയത് അദ്ദേഹത്തിന്‍റെ കരങ്ങളാണ്. മതസൗഹാർദ്ദത്തിന്റെ മുഖമായിരുന്നു ഉമ്മൻചാണ്ടിയെന്നും അദ്ദേഹം ജനങ്ങളുടേതായിരുന്നുവെന്നും പി.കെ കുഞ്ഞാലിക്കുട്ടി.