Saturday, April 12, 2025
National

തമിഴ്നാട്ടിൽ കൊലക്കേസ് പ്രതിയെ ഓടിച്ചിട്ട് വെട്ടിക്കൊന്നു

കൊലപാതകക്കേസ് പ്രതിയെ അഞ്ച് പേർ ചേർന്ന് വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ കാരൈക്കുടി ജില്ലയിലാണ് സംഭവം. വിനിത് എന്ന അറിവഴകനാണ് (29) കൊല്ലപ്പെട്ടത്. തിരക്കേറിയ റോഡിൽ അറിവഴകനെ ഓടിച്ചിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മധുരൈ സ്വദേശിയാണ് കൊല്ലപ്പെട്ട അറിവഴകൻ. കൊലപാതകക്കേസിൽ ഉൾപ്പെട്ടതിനെ തുടർന്ന് ജാമ്യത്തിൽ പുറത്തിറങ്ങിയ ഇയാൾ പൊലീസ് സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയതായിരുന്നു. തിരക്കേറിയ റോഡിലൂടെ നടക്കുമ്പോൾ കാറിലെത്തിയ അഞ്ചുപേർ അറിവഴകനെ പിന്തുടരാൻ തുടങ്ങി. സംഘത്തെ കണ്ട് ഭയന്ന അറിവഴകൻ ഓടാൻ ആരംഭിച്ചു. ഇതിനിടെ സമനില തെറ്റി നിലത്തേക്ക് വീണു.

ആളുകൾ നോക്കിനിൽക്കെ, അഞ്ചംഗ സംഘം അറിവഴകനെ ആക്രമിക്കാൻ തുടങ്ങി. വടികൊണ്ട് ക്രൂരമായി മർദ്ദിച്ച ശേഷം വാളുകൊണ്ട് വെട്ടി പരിക്കേൽപ്പിച്ചു. ഇതിനിടെ തടയാനെത്തിയ ഒരാൾക്കും മർദ്ദനമേറ്റു. റോഡരികിൽ കിടക്കുകയായിരുന്ന അറിവഴകനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.

ഇയാളുടെ സുഹൃത്തുക്കളെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. അക്രമികൾക്കായി തെരച്ചിൽ ആരംഭിച്ചതായും പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *