‘സിപിഐഎം നേതാക്കളുടെ സമനില തെറ്റി’; കെ. സുധാകരനെതിരായ ആരോപണങ്ങളെ പ്രതിരോധിച്ച് പ്രതിപക്ഷ നേതാവ്
കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരായ സിപിഐഎം ആരോപണങ്ങള്‍ വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സിപിഐഎം നേതാക്കളുടെ സമനില തെറ്റിയെന്ന് വി ഡി സതീശന്‍ ആരോപിച്ചു. വിചാരണ സമയത്തോ അന്വേഷണ ഘട്ടത്തിലോ എന്തുകൊണ്ട് കാര്യമായി എടുത്തില്ല. കെ സുധാകരന്റെ മൊഴി രേഖപ്പെടുത്തുകയോ ചോദ്യം ചെയ്യുകയോ പോലും ചെയ്തില്ല. ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. എതിര്‍ശബ്ദങ്ങളെ സിപിഐഎം ഭയക്കുന്നുവെന്നും ശിക്ഷ വിധിച്ച ശേഷമാണ് ആരോപണം ഉയര്‍ത്തുന്നതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.
മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പോക്‌സോ കേസില്‍ ബന്ധമുണ്ടെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ ആരോപണം തള്ളി കെ സുധാകരന്‍ രംഗത്തെത്തി. സിപിഐഎം ശുദ്ധ നുണകള്‍ പ്രചരിപ്പിക്കുകയാണ്. എം.വി ഗോവിന്ദനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കെ സുധാകരന്‍ പറഞ്ഞു.
പോക്‌സോ കേസില്‍ അതിജീവിത നല്‍കിയ രഹസ്യമൊഴി എം.വി ഗോവിന്ദന്‍ എങ്ങനെ അറിഞ്ഞു? അതിജീവിതയുടെ അഭിഭാഷകന്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. തനിക്കെതിരെ ആരോപിക്കപ്പെടുന്ന പരാമര്‍ശം പെണ്‍കുട്ടി നല്‍കിയിട്ടില്ല എന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. ആര് പറഞ്ഞത് വിശ്വസിക്കണം. തട്ടിപ്പ് കേസില്‍ തന്നെ പ്രതിയാക്കുന്നത്തിന് സിപിഐഎം നടത്തിയ ആസൂത്രണത്തിന്റെ തെളിവാണിതെന്നും സുധാകരന്‍ പറഞ്ഞു.
സുധാകരനെതിരെ കടുത്ത ആരോപണങ്ങളാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ ഉന്നയിച്ചത്. മോന്‍സണ്‍ തന്നെ പീഡിപ്പിക്കുമ്പോള്‍ സുധാകരന്‍ അവിടെയുണ്ടായിരുന്നുവെന്നാണ് അതിജീവിതയുടെ മൊഴിയെന്നായിരുന്നു എം.വി ഗോവിന്ദന്റെ ആരോപണം. വിവരം അറിഞ്ഞിട്ടും സുധാകരന്‍ ഇടപെട്ടില്ലെന്നും വര്‍ത്തകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ എന്തുകൊണ്ട് കെ സുധാകരനെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തില്ല എന്ന ചോദ്യത്തിന് തനിക്കറിയില്ലെന്നായിരുന്നു എംവി ഗോവിന്ദന്റെ മറുപടി.