രോഗത്തിനു കാരണം മന്ത്രവാദമെന്ന് തെറ്റിദ്ധരിച്ചു; 65കാരിയെ സഹോദരീപുത്രൻ വെട്ടിക്കൊന്നു
തൻ്റെ നിരന്തരമായ അസുഖങ്ങൾക്ക് കാരണം മന്ത്രവാദമെന്ന് തെറ്റിദ്ധരിച്ച് 65കാരിയെ സഹോദരീപുത്രൻ വെട്ടിക്കൊന്നു. ഝാർഖണ്ഡിലെ ജംഷഡ്പൂരിലെ പടിഞ്ഞാറൻ സിംഗ്ഭും ജില്ലയിലാണ് സംഭവം. 65കാരിയായ ജാനോ ഹെസ്സയെ സഹോദരീപുത്രൻ മധുസൂധൻ ബോയ്പായ് കൊലപ്പെടുത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകിട്ടാണ് സംഭവം. കഴിഞ്ഞ ഏതാനും മാസങ്ങളായി ബോയ്പായ് അസുഖങ്ങളാൽ പൊറുതിമുട്ടിയിരുന്നു. ഇതിനു കാരണം ജാനോ ഹെസ്സ ആണെന്നും ഇവർ മന്ത്രവാദിയാണെന്നും ബോയ്പായ് തെറ്റിദ്ധരിച്ചു. സംഭവം നടക്കുന്ന അന്ന് വൈകിട്ട് ബോയ്പായ് മദ്യപിച്ച് ഹെസ്സയുടെ വീട്ടിലെത്തി അവരെ വടികൊണ്ട് അടിക്കാൻ തുടങ്ങി. ബോധരഹിതയായി നിലത്തുവീണ ഹെസ്സയെ പിന്നീട് ഇയാൾ മഴുകൊണ്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഹെസ്സയുടെ ചെറുമകൻ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്തു.