കള്ളനെന്ന് സംശയിച്ച് നേപ്പാൾ സ്വദേശിയെ ആൾക്കൂട്ടം തല്ലിക്കൊന്നു; സംഭവം ഗുജറാത്തിൽ
35 കാരനായ നേപ്പാൾ പൗരനെ കള്ളനെന്ന് സംശയിച്ച് ആൾക്കൂട്ടം തല്ലിക്കൊന്നു. ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. നേപ്പാളിലെ സുർഖേത് പ്രദേശവാസിയായ കുൽമാൻ ഗഗനെ 20 ഓളം പേർ ചേർന്ന് മർദ്ദിക്കുകയായിരുന്നു. കേസിൽ ഇതുവരെ 10 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെ ജീവൻപുര ഗ്രാമത്തിലെ ഒരു വീട്ടിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഗ്രാമവാസികൾ ഗഗനെ പിടികൂടുകയായിരുന്നു. കള്ളനാണെന്ന് തെറ്റിദ്ധരിച്ച് ആൾക്കൂട്ടം മർദ്ദിക്കാൻ തുടങ്ങി. തുടർന്ന് വൈദ്യുതത്തൂണിൽ കെട്ടിയിട്ട് വടികൊണ്ട് മർദ്ദിച്ചു. ഗ്രാമവാസികൾ ചിത്രീകരിച്ച മർദ്ദന ദൃശ്യം സോഷ്യൽ മീഡിയയിൽ വൈറലായി. ജനക്കൂട്ടം വടികൊണ്ട് ക്രൂരമായി മർദ്ദിക്കുന്നതും, ഗഗൻ കരുണ യാചിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
ഗുരുതരമായ പരിക്കുകളാൽ ഗഗൻ പിന്നീട് മരിച്ചു. മൃതദേഹം രാവിലെയോടെ ഗ്രാമത്തിനടുത്തുനിന്നും കണ്ടെത്തി. പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആൾക്കൂട്ടക്കൊലയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന 10 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൊല്ലപ്പെട്ട സുർഖേത് സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്നെങ്കിലും, എന്നാൽ കുറച്ചുകാലമായി ജോലിയില്ലാതെ കഴിയുകയായിരുന്നുവെന്നും അഹമ്മദാബാദ് പൊലീസ് സൂപ്രണ്ട് അമിത് വാസവ പറഞ്ഞു.