ഇന്ത്യാ സഖ്യത്തിലെ ഏകോപന സമിതിയില്‍ ഭിന്നത പരസ്യമാക്കി CPIM; സമിതിയില്‍ സിപിഐഎം പ്രതിനിധിയില്ല
ഇന്ത്യാ സഖ്യത്തിലെ ഏകോപന സമിതിയില്‍ സിപിഐഎം പ്രതിനിധിയില്ല. പൊളിറ്റ് ബ്യൂറോ യോഗത്തിലാണ് പ്രതിനിധി വേണ്ടെന്ന തീരുമാനമുയര്‍ന്നത്. 14 അംഗ ഏകോപന സമിതി രൂപീകരണത്തെ എതിര്‍ത്ത് പൊളിറ്റ് ബ്യൂറോ രംഗത്തെത്തി. മതേതര ജനാധിപത്യം വിപുലീകരിക്കാന്‍ ഇന്ത്യ സഖ്യം വിപുലീകരിക്കണമെന്ന് പിബി ആവശ്യപ്പെട്ടു.
പ്രതിപക്ഷ മുന്നണി സഖ്യത്തിലെ ഏകോപന സമിതി രൂപീകരണത്തില്‍ ഭിന്നത പരസ്യമാക്കിയിരിക്കുകയാണ് സിപിഐഎം. തീരുമാനം മുതിര്‍ന്ന നേതാക്കളാണ് എടുക്കുന്നതെന്നും മറ്റ് സമിതികളില്‍ അടിസ്ഥാനമില്ലെന്നും ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. 20 പാര്‍ട്ടികളാണ് സഖ്യത്തിലുള്ളതെന്നും ഒരു സമിതിയും ഈ പാര്‍ട്ടികളെ മുഴുവനായി പ്രതിനിധീകരിക്കുന്നില്ലെന്നും യെച്ചൂരി പറഞ്ഞു. ഇന്ത്യ സഖ്യത്തില്‍ തീരുമാനങ്ങള്‍ എടുക്കുന്നത് ഈ പാര്‍ട്ടികളിലെ ഉന്നത നേതാക്കളാണ്. സഖ്യത്തില്‍ കൂട്ടായ തീരുമാനം എടുക്കാന്‍ എല്ലാവരോടും ആലോചിക്കേണ്ടതുണ്ടെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
അതേസമയം തെരഞ്ഞെടുപ്പ് കമ്മിഷന്‍ ബില്ലിനെ സിപിഐഎം എതിര്‍ക്കാന്‍ തീരുമാനമായി. ബില്‍ പാര്‍ലമെന്റില്‍ പരാജയപ്പെടുത്താന്‍ ഇന്ത്യാ മുന്നണിയിലെ സഖ്യകക്ഷികളോട് ആവശ്യപ്പെടുമെന്നും യെച്ചൂരി വ്യക്തമാക്കി.