Tuesday, January 7, 2025
Kerala

സംസ്ഥാനത്ത് നിപ ഭീതി അകലുന്നു; രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്ന് വിലയിരുത്തല്‍

സംസ്ഥാനത്ത് നിപ ഭീതി അകലുന്നു. രണ്ടാം തരംഗം ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. പുതിയ നിപ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും ആശ്വാസം നല്‍കുന്നതാണ്. അതേസമയം കോഴിക്കോട് കര്‍ശന നിയന്ത്രണങ്ങള്‍ തുടരുന്നുണ്ട്. കേന്ദ്രസംഘവും കോഴിക്കോട് തുടരുന്നുണ്ട്. മന്ത്രിമാരായ മുഹമ്മദ് റിയാസും വീണാ ജോര്‍ജും കോഴിക്കോടുണ്ട്.

നിലവില്‍ സമ്പര്‍ക്ക പട്ടികയിലുള്ളവരുടെ ആകെ എണ്ണം 1233 ആണ്. 352 പേരാണ് ഹൈറിസ്‌ക് പട്ടികയില്‍ ഉള്ളത്. ഇതില്‍ 129 പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്. 23 പേര്‍ മെഡിക്കല്‍ കോളജിലും നാല് പേര്‍ മാത്യശിശു സംരക്ഷണ കേന്ദ്രത്തിലും 3 പേര്‍ സ്വകാര്യ ആശുപത്രിയിലും രോഗ ലക്ഷണങ്ങളോടെ ചികിത്സയില്‍ കഴിയുകയാണ്. 36 വവ്വാലുകളുടെ സാംബിളുകള്‍ ശേഖരിച്ച് പൂനൈക്ക് അയച്ചിട്ടുണ്ട്. പരിശോധനക്കായി 24 മണിക്കുറും ലാബുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

അതേസമയം കോഴിക്കോട് ഇന്നു മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇന്ന് മുതല്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനിലൂടെ നടത്തുമെന്ന് ജില്ലാ കലക്ടര്‍ എ ഗീത അറിയിച്ചു. തുടര്‍ച്ചയായ അവധി കാരണം വിദ്യാര്‍ഥികളുടെ അധ്യയനം നഷ്ടമാകാതിരിക്കാനാണ് പുതിയ ക്രമീകരണം ഏര്‍പ്പെടുത്തിയതെന്ന് കലക്ടര്‍ പറഞ്ഞു. ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് സെന്ററുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ക്ലാസുകള്‍ ഓണ്‍ലൈന്‍ സംവിധാനത്തില്‍ നടത്തണമെന്ന് ഉത്തരവില്‍ പറയുന്നു. വിദ്യാര്‍ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് വരുത്താന്‍ പാടില്ല.

Leave a Reply

Your email address will not be published. Required fields are marked *