തമിഴ്‌നാട് മന്ത്രി കെ പൊന്‍മുടിയുടെ വീട്ടില്‍ ഇ ഡി റെയ്ഡ്; ഒന്‍പത് ഇടങ്ങളില്‍ ഇ ഡി പരിശോധന
തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊന്‍മുടിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. ചെന്നൈയിലും വിഴിപ്പുരത്തുമാണ് പരിശോധന നടക്കുന്നത്. അപ്രതീക്ഷിതമായിമന്ത്രിയുടെ വീട്ടില്‍ പരിശോധന നടത്താനുള്ള കാരണം വ്യക്തമല്ല. ഒന്‍പത് സ്ഥലങ്ങളിലാണ് ഒരേ സമയം ഇ ഡി റെയ്ഡ് പുരോഗമിക്കുന്നത്. മന്ത്രിയുടെ മകന്‍ ഗൗതം ശിവമണിയുടെ വീട്ടില്‍ ഉള്‍പ്പെടെയാണ് പരിശോധന നടക്കുന്നത്.
വിഴിപ്പുരത്ത് സൂര്യ ട്രസ്റ്റിന് കീഴിലുള്ള ഒരു എഞ്ചിനീയറിംഗ് കോളജ് ക്യാമ്പസിനുള്ളിലും ഇ ഡി പരിശോധന നടത്തിവരികയാണ്. രാവിലെ ഏഴ് മണിയ്ക്കാണ് കെ പൊന്‍മുടിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന ആരംഭിച്ചത്. തമിഴ്‌നാട്ടിലെ ഡിഎംകെ മന്ത്രി സെന്തില്‍ ബാലാജിയുടെ വീട്ടിലും സ്ഥാപനങ്ങളിലും മുന്‍പ് ഇ ഡി പരിശോധന നടത്തുകയും സെന്തിലിനെ ഇ ഡി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു മന്ത്രിയുടെ വീട്ടില്‍ക്കൂടി പരിശോധന നടക്കുന്നത്. സെന്തില്‍ ബലാജി കേസില്‍ ഡിഎംകെ കടുത്ത പ്രതിഷേധമുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ കെ പൊന്‍മുടിയുടെ വീട്ടിലെ റെയ്ഡിലും പ്രതിഷേധം ആളിപ്പടരാനാണ് സാധ്യത.