കേരളത്തിൽ 5 മെഡിക്കൽ കോളജുകളിൽ നഴ്സിങ് കോളജ് തുടങ്ങുന്നു
കേരളത്തിൽ 5 നഴ്‌സിംഗ് കോളജുകൾക്ക് അനുമതി. പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട്, കാസർഗോഡ് ജില്ലകളിൽ നഴ്സിങ് കോളജ് ആരംഭിക്കും. കിടത്തിച്ചികിത്സ ആരംഭിക്കാത്തതും ഇനിയും സ്ഥലം ഏറ്റെടുക്കാത്തതുമായ രണ്ടെണ്ണം ഉൾപ്പെടെ 5 മെഡിക്കൽ കോളജുകളുടെ ഭാഗമായി നഴ്സിങ് കോളജ് ആരംഭിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചു. 5 നഴ്സിങ് കോളജുകൾ ആരംഭിക്കാൻ ബജറ്റിൽ 20 കോടി രൂപ നീക്കിവച്ചതിന്റെ ആദ്യപടിയാണിത്.
നാഷനൽ മെഡിക്കൽ കമ്മിഷന്റെ അനുമതി ലഭിക്കുന്ന മുറയ്ക്കു വയനാട്, കാസർകോട് മെഡിക്കൽ കോളജുകളുടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് ഉത്തരവിലുള്ളത്. കാസർഗോഡ് നിർമാണം എങ്ങുമെത്തിയിട്ടില്ല. കിടത്തിച്ചികിത്സ ആരംഭിച്ചാൽ മാത്രമേ മെഡിക്കൽ കമ്മിഷന്റെ അനുമതി തേടാനാകൂ.