Thursday, January 23, 2025
National

തമിഴ്നാട് എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഔദ്യോഗിക വസതിയിൽ ഇ ഡി റെയ്ഡ്

തമിഴ്നാട് വൈദ്യുതി എക്സൈസ് മന്ത്രി വി സെന്തിൽ ബാലാജിയുടെ ഔദ്യോഗിക വസതിയിൽ ഇ ഡി റെയ്ഡ്. കരൂറിലെ ബാലാജിയുടെ സഹോദരന്റെ വീട്ടിലും റെയ്ഡ് നടന്നു. ചെന്നൈ, കോയമ്പത്തൂർ, കരൂർ എന്നിവിടങ്ങളിലായി നാൽപ്പതിലധികം സ്ഥലങ്ങളിൽ പുലർച്ചെ 6.30 മുതലായിരുന്നു പരിശോധന.

തമിഴ്നാട്ടിലെ സർക്കാർ മദ്യവിതരണ ശാലകളായ ടാസ്മാക് ഔട്ട്ലെറ്റുകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബാർ അനുവദിച്ചതിൽ അഴിമതി നടന്നിട്ടുണ്ടെന്ന് ആരോപിച്ച് അണ്ണാ ഡിഎംകെയും ബിജെപിയും ഗവർണർ ആർ.എൻ.രവിക്ക് പരാതി നൽകിയിരുന്നു.

കഴിഞ്ഞ മാസം വൈദ്യുതി എക്സൈസ് മന്ത്രി വി. സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ടയിടങ്ങളിൽ ആദായനികുതി വകുപ്പിന്‍റെ പരിശോധന നടന്നിരുന്നു. കരൂർ രാമകൃഷ്ണപുരത്ത് സെന്തിൽ ബാലാജിയുടെ സഹോദരൻ വി.അശോകിന്‍റെ വീട്ടിൽ പരിശോധന നടന്നിരുന്നു.

ഇതുകൂടാതെ മന്ത്രിയുടെ സുഹൃത്തുക്കളുടെ വീട്ടിലും അഴിമതിപ്പണ ഇടപാട് നടന്നുവെന്ന് ആരോപണമുള്ള കോൺട്രാക്ടർമാരുടെ വീടുകളിലും ഐടി പരിശോധന തുടരുന്നുണ്ട്. കരൂരിൽ ഡിഎംകെ പ്രവർത്തകർ സംഘടിച്ചെത്തി പ്രതിഷേധിച്ചത് നേരിയ സംഘർഷത്തിന് ഇടയാക്കി.

Leave a Reply

Your email address will not be published. Required fields are marked *