തമിഴ്‌നാട് മന്ത്രിയുടെ വീട്ടിലെ ഇ ഡി പരിശോധന: പിന്‍വാതില്‍ തന്ത്രങ്ങളിലൂടെയുളള ഭീഷണി വിലപ്പോവില്ലെന്ന് എം കെ സ്റ്റാലിന്‍
തമിഴ്‌നാട് വൈദ്യുതി- എക്‌സൈസ് മന്ത്രി സെന്തില്‍ ബാലാജിയുടെ സെക്രട്ടറിയേറ്റിലെ ഓഫിസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന പൂര്‍ത്തിയായി. രാവിലെ ഏഴരയോടെ ആരംഭിച്ച റെയ്ഡാണ് ഇപ്പോള്‍ പൂര്‍ത്തിയായത്. ബാലാജിയുടെ വീട്ടിലെ പരിശോധന ഇപ്പോഴും പുരോഗമിക്കുകയാണ്. മന്ത്രിയെ കാണണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ ഓര്‍ഗനൈസിംഗ് സെക്രട്ടറി ആര്‍.എസ് ഭാരതി, ശെന്തില്‍ ബാലാജിയുടെ വീട്ടിനു മുന്നില്‍ കാത്തുനില്‍ക്കുകയാണ്.
ഡിഎംകെയെ കരിവാരി തേയ്ക്കാനുള്ള ബിജെപി ശ്രമമാണ് പരിശോധനയെന്ന് ആര്‍ എസ് ഭാരതി വിമര്‍ശിച്ചു. മന്ത്രിയെ കാണാന്‍ അനുവദിക്കുന്നത് വരെ വീടിനു മുന്നില്‍ തുടരുമെന്നും ഭാരതി മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്രം ഭീഷണി രാഷ്ട്രീയം നടപ്പാക്കുന്നുവെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ആഞ്ഞടിച്ചു. സെക്രട്ടറിയേറ്റിലെ മന്ത്രിയുടെ ഓഫിസില്‍ പരിശോധന നടത്തിയത് അപലപനീയമാണ്. ഇഡി റെയ്ഡ് പോലുള്ള പിന്‍വാതില്‍ തന്ത്രങ്ങളിലൂടെയുള്ള ഭീഷണി വിലപ്പോവില്ലെന്നും എം കെ സ്റ്റാലിന്‍ പ്രസ്താവിച്ചു.
മന്ത്രിയുടെ വസിതിയിലും സെക്രട്ടറിയേറ്റ് ഓഫിസിലും കൂടാതെ ജന്മദേശമായ കാരൂരിലും ഇ ഡി പരിശോധന നടത്തിവരികയാണ്. സെന്തില്‍ ബാലാജിയുടെ സഹോദരന്റെ വസിതിയിലും ഇ ഡി സംഘമെത്തി പരിശോധന നടത്തി.