‘കൈക്കൂലി വാങ്ങുന്നത് കള്ളപ്പണ ശേഖരത്തിന് തുല്യം’; സുപ്രീം കോടതി
കൈക്കൂലി കൈപറ്റുന്നത് കള്ളപ്പണ ശേഖരത്തിന് തുല്യമെന്ന് സുപ്രീം കോടതി. അഴിമതിയ്ക്ക് രജിസ്റ്റർ ചെയ്യുന്ന എഫ്.ഐ.ആർ ഇ.ഡി അന്വേഷണം ആരംഭിക്കാൻ മതിയായ കാരണമാണെന്നും സുപ്രീം കോടതി പറഞ്ഞു. തമിഴ്‌നാട് എക്‌സൈസ്, വൈദ്യുതി മന്ത്രി വി. സെന്തിൽ ബാലാജിക്ക് എതിരായ കേസുകളിൽ അന്വേഷണം തുടരാമെന്ന് വ്യക്തമാക്കിയായിരുന്നു സുപ്രീം കോടതിയുടെ നിരിക്ഷണം.
സെന്തിൽ ബാലാജി ഗതാഗതമന്ത്രിയായിരുന്ന 2011-2015 കാലയളവിൽ മെട്രോ ട്രാൻസ്‌പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്നാണ് കേസ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റ് (ഇഡി) മന്ത്രിക്ക് എതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസും തുടർന്ന് രജിസ്ടർ ചെയ്തു. 2022 നവംബറിൽ മന്ത്രിക്ക് എതിരായ കേസുകളിൽ മദ്രാസ് ഹൈക്കോടതി പുതിയ അന്വേഷണത്തിന് ഉത്തരവിടുകയുണ്ടായി. ഈ ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി.
മന്ത്രിക്കും കേസിലെ മറ്റ് പ്രതികൾക്കും ഇഡി അയച്ച സമൻസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതിയുടെ ഈ നടപടി തെറ്റാണെന്ന് വ്യക്തമാക്കിയാണ് സുപ്രീം കോടതി സുപ്രധാനമായ നിരിക്ഷണങ്ങൾ രേഖപ്പെടുത്തിയത്. കൈക്കൂലി കൈപറ്റുന്നത് കള്ളപ്പണ ശേഖരത്തിന് തുല്യമെന്ന് കോടതി വ്യക്തമാക്കി. അഴിമതിയ്ക്ക് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താൽ അത് ഇ.ഡി അന്വേഷണം ആരംഭിക്കാൻ മതിയായ കാരണമാണെന്നും സുപ്രീംകോടതി പറഞ്ഞു. കുറ്റക്യത്യവും കുറ്റക്യത്തിന്റെ വരുമാനവും സയാമീസ് ഇരട്ടകളാണെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.