3 കുട്ടികളെ ലഹരി നൽകി പീഡിപ്പിച്ച കേസിലെ പ്രതി വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പിടിയിൽ
വിദേശത്തേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ പോക്സോ കേസ് പ്രതി കരിപ്പൂർ വിമാനത്താവളത്തിൽ അറസ്റ്റിൽ. മലപ്പുറം കൊണ്ടോട്ടി മൊറയൂർ സ്വദേശി പുലിക്കുത്ത് സുലൈമാൻ ആണ് പിടിയിലായത്. ഇക്കഴിഞ്ഞ ഏപ്രിൽ 23 ന് ആണ് കേസിനാസ്പദമായ സംഭവം.
കോഴിക്കോട് ബീച്ച് കാണിക്കാം എന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു പ്രായപൂർത്തിയാവാത്ത 3 കുട്ടികളെ പ്രതി കൊണ്ട് പോവുകയായിരുന്നു. തുടർന്ന് കോഴിക്കോടുള്ള ഇയാളുടെ റൂമിൽ എത്തിച്ചു ലഹരി നൽകി പീഡനത്തിനിരയാക്കി. പിന്നീട് പല ദിവസങ്ങളിലായി പീഡനം തുടർന്നു. കുട്ടികളുടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകിയതറിഞ്ഞ് ഒളിവിൽ പോയ സുലൈമാൻ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
അതിനിടെ വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ ഇന്ന് കരിപ്പൂർ വിമാനത്താവളത്തിൽ വെച്ചു സുലൈമാൻ പൊലീസ് പിടിയിലായി. ഇയാൾ ഇത്തരത്തിൽ കൂടുതൽ കുട്ടികളെ പീഡനത്തിനിരയാക്കിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി ASP വിജയ് ഭാരത് റെഡ്ഡിയും സംഘവുമാണ് പ്രതിയെ പിടികൂടിയത്.