‘രാഷ്ട്രീയത്തിൽ ബിജെപി മിടുക്കരാണ്, പക്ഷേ രാഹുൽ മാപ്പ് പറയില്ല’; ശശി തരൂർ
രാഷ്ട്രീയത്തിൽ ബിജെപി മിടുക്കരാണെന്ന് കോൺഗ്രസ് എംപി ശശി തരൂർ. രാഹുൽ ഗാന്ധി ഇതുവരെ പറഞ്ഞിട്ടില്ലാത്ത ഒരു കാര്യത്തെയാണ് ഭരണപക്ഷം വിമർശിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. യുകെ പ്രസംഗത്തിൽ മാപ്പ് പറയേണ്ട കാര്യമില്ലെന്നും, ആദ്യം മാപ്പ് പറയേണ്ടത് മോദിയാണെന്നും ഇന്ത്യ ടുഡേ കോൺക്ലേവിൽ തരൂർ പറഞ്ഞു.
“ബിജെപി രാഷ്ട്രീയത്തിൽ പ്രാവീണ്യമുള്ളവരാണെന്ന് തന്നെ പറയണം. രാഹുൽ ഗാന്ധി പറയാത്ത ഒരു കാര്യത്തെയാണ് അവർ കുറ്റപ്പെടുത്തുന്നത്. രാഹുൽ ദേശവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല, അതുകൊണ്ട് മാപ്പ് പറയാനും പോകുന്നില്ല. വിദേശ മണ്ണിൽ ഇത്തരമൊരു കാര്യം ആദ്യമായി പറഞ്ഞത് മോദിയാണ്. രാഷ്ട്രീയത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾക്ക് ആരെങ്കിലും മാപ്പ് പറയണമെങ്കിൽ, മോദിയാണ് മാപ്പ് പറയേണ്ടത്” – തരൂർ പ്രതികരിച്ചു.
രാഹുൽ ഗാന്ധിയുടെ കേംബ്രിഡ്ജ് പ്രസംഗത്തെ ബിജെപി അതിരൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യത്തെ അപകീർത്തിപ്പെടുത്തിയ രാഹുൽ ജനങ്ങളോട് മാപ്പ് പറയണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. എന്നാൽ മാപ്പ് പറയില്ലെന്ന നിലപാടിലാണ് കോൺഗ്രസ്.