വിദ്വേഷത്തിന്റെ രാഷ്ട്രീയത്തിൽ പിതാവിനെ നഷ്ടപ്പെട്ടു, രാജ്യത്തെ കൂടി നഷ്ടപ്പെടുത്തില്ല; രാഹുൽ ഗാന്ധി
വിദ്വേഷത്തിന്റെയും വിഭജനത്തിന്റെയും രാഷ്ട്രീയത്തിൽ തൻ്റെ പിതാവിനെ നഷ്ടപ്പെട്ടെന്ന് രാഹുൽ ഗാന്ധി. പ്രിയപ്പെട്ട രാജ്യത്തെ കൂടി ഇതിൻ്റെ പേരിൽ നഷ്ടപ്പെടുത്താൻ കഴിയില്ല. സ്നേഹം വെറുപ്പിനെ കീഴടക്കും, പ്രതീക്ഷ ഭയത്തെ പരാജയപ്പെടുത്തും. നമ്മൾ ഒരുമിച്ച് ഈ പ്രതിസന്ധി മറികടക്കുമെന്നും രാഹുൽ ട്വീറ്റ് ചെയ്തു.
ഭാരത് ജോഡോ യാത്രയ്ക്ക് മുന്നോടിയായി ശ്രീപെരുമ്പത്തൂരിലെ സ്മാരകത്തിൽ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിക്ക് പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രതികരണം. കന്യാകുമാരി മുതൽ കാശ്മീർ വരെയാണ് ഭാരത് ജോഡോ യാത്ര. 3570 കിലോമീറ്റർ യാത്ര 12 സംസ്ഥാനങ്ങളും 2 കേന്ദ്രഭരണ പ്രദേശങ്ങളിലൂടെയും കടന്നുപോകും. വൈകിട്ട് അഞ്ചിന് കന്യാകുമാരിയിലെ മഹാത്മാഗാന്ധി മണ്ഡപത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
വിലക്കയറ്റം, തൊഴിലില്ലായ്മ, പണപ്പെരുപ്പം തുടങ്ങി കേന്ദ്ര സർക്കാരിനെതിരെ വിവിധ ആരോപണങ്ങൾ ഉന്നയിച്ചാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോണ്ഗ്രസ് പദയാത്ര സംഘടിപ്പിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിനെതിരെയുള്ള യാത്ര പക്ഷേ കോൺഗ്രസിന്റെ ഉയിർത്തെഴുന്നേൽപ്പ് കൂടി ലക്ഷ്യമിട്ടാണ് നടത്തുന്നത്. കോൺഗ്രസ് രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധിയുടെ അപ്രമാതിത്യം ഉറപ്പിക്കാൻ കൂടി ലക്ഷ്യമിട്ട് നടത്തുന്ന യാത്രയ്ക്കിടെ, സംഘടനാ തെരഞ്ഞെടുപ്പിലൂടെ പാർട്ടി കടന്നുപോകും എന്നുള്ളതും ശ്രദ്ധേയമാണ്.
എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് രാഹുൽ ഗാന്ധി എത്തുമോ അതോ മറ്റാരെങ്കിലും കടന്നുവരുമോ എന്നുള്ളതും ഈ യാത്രക്കിടയിൽ അറിയാം. രാഹുലിനെ വെല്ലുവിളിച്ച് സംഘടനാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് ചില നേതാക്കൾ. നിർണായക യാത്രയ്ക്കിടെ സംഘടനാ പ്രശ്നങ്ങൾ കോണ്ഗ്രസിനെ കലുഷിതമാക്കുമെന്ന് ചുരുക്കം. അഞ്ച് മാസം നീണ്ടു നിൽക്കുന്ന പദയാത്രയിൽ 3,500ലധികം കിലോമീറ്ററാണ് രാഹുൽ നടന്നു തീർക്കുക.
കന്യാകുമാരി മുതൽ കശ്മീർ വരെയുള്ള യാത്രയിൽ രാഹുലിനൊപ്പം മുഴുവൻ സമയവും 300 പേർ ഉണ്ടാകും.