ലണ്ടൻ പ്രസംഗം: വിശദീകരണം നൽകാൻ രാഹുൽ ഗാന്ധി; സസ്പെൻഷൻ വേണമെന്ന് ബിജെപി
രാഹുൽ ഗാന്ധിയുടെ ലണ്ടൻ പ്രസംഗത്തിൽ ഇന്നും പാർലമെന്റ് പ്രക്ഷുബ്ധമായേക്കും. ഭരണപക്ഷവും പ്രതിപക്ഷവും തങ്ങളുട നിലപാടുകളിൽ ഉറച്ചു നിൽക്കുകയാണ്. ലണ്ടനിലെ പ്രസംഗം അവകാശ ലംഘനത്തിന് ഉപരിയായ കുറ്റമെന്ന് ബിജെപി ആരോപിച്ചു. മാപ്പ് പറയാത്ത സാഹചര്യത്തിൽ രാഹുൽ ഗാന്ധിയെ സസ്പെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി ലോക്സഭാ സ്‌പീക്കറിന് കത്ത് നൽകി. 2005ൽ രൂപീകരിച്ചത് പോലെ പ്രത്യേക സമിതി രൂപീകരിക്കണം എന്ന് ഭരണപക്ഷം ആവശ്യപ്പെട്ടു.
എന്നാൽ ലണ്ടനിൽ താൻ നടത്തിയ പരാമർശത്തിൽ സഭയിൽ വിശദീകരണം നൽകാൻ അനുവദിക്കണമെന്ന് രാഹുൽ ഗാന്ധി. വിഷയത്തിൽ മാപ്പ് പറയണമെന്ന് ബിജെപി ആവശ്യപ്പെട്ടിരിക്കുന്ന സാഹചര്യത്തിൽ ആണ് പാർലമെന്റിൽ മറുപടി പറയാൻ അനുവദിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടത്. തനിക്കെതിരെ നാല് മന്ത്രിമാർ ഉന്നയിച്ച ആരോപണങ്ങളിൽ മറുപടി പറയേണ്ടത് തന്റെ അവകാശമാണെന്നും രാഹുൽ വ്യക്തമാക്കി. വിഷയം രാഹുൽ ഗാന്ധി സ്പീക്കറെ അറിയിച്ചു.