Thursday, January 9, 2025
Kerala

പ്രഥമ കേരള എമര്‍ജന്‍സി മെഡിസിന്‍ സമ്മിറ്റ് മുഖ്യമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും

പ്രഥമ അന്താരാഷ്ട്ര കേരള എമര്‍ജന്‍സി മെഡിസിന്‍ സമ്മിറ്റ് (KEMS 2023) മാര്‍ച്ച് 17, 18, 19 തീയതികളില്‍ തിരുവനന്തപുരത്ത് വച്ച് നടക്കുന്നു. സമ്മിറ്റിന്റെ ഔപചാരികമായ ഉദ്ഘാടനം മാര്‍ച്ച് 18ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം ബൈപാസ് റോഡിലെ ഒ ബൈ ടമാരയില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

സംസ്ഥാനത്തെ സമഗ്ര എമര്‍ജന്‍സി ആന്റ് ട്രോമകെയര്‍ ശക്തിപ്പെടുത്തുന്നതിനായാണ് പ്രഥമ അന്താരാഷ്ട്ര കേരള എമര്‍ജന്‍സി മെഡിസിന്‍ സമ്മിറ്റ് നടത്തുന്നതെന്ന് വീണാ ജോര്‍ജ് പറഞ്ഞു. അപകടങ്ങളിലൂടെയും ഗുരുതര രോഗങ്ങളിലൂടെയും എത്തുന്നവര്‍ക്ക് അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാന്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. അത്യാഹിതങ്ങളില്‍പ്പെട്ട രോഗികള്‍ക്ക് ഗുണമേന്മയുള്ളതും സമയബന്ധിതവുമായ അടിയന്തര പരിചരണം ഉറപ്പാക്കാനായി ആരോഗ്യ വകുപ്പ് മെഡിക്കല്‍ കോളജുകളില്‍ ക്വാളിറ്റി ഇപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവ് നടപ്പിലാക്കി വരുന്നു.

ഇതോടൊപ്പം അടിയന്തര വിദഗ്ധ ചികിത്സ ഉറപ്പാക്കാനുള്ള പരിശീലനങ്ങള്‍ക്കും സര്‍ക്കാര്‍ പ്രാധാന്യം നല്‍കി വരുന്നു. ഇതിനായി തിരുവനന്തപുരത്ത് സ്ഥാപിച്ച അപെക്‌സ് ട്രോമ ആന്റ് എമര്‍ജന്‍സി ലേണിഗ് സെന്ററിന് (എ.ടി.ഇ.എല്‍.സി.) നൂതന ഉപകരണങ്ങള്‍ വാങ്ങാന്‍ അടുത്തിടെ 2.27 കോടി രൂപ അനുവദിച്ചിരുന്നു. ഇതുകൂടാതെയാണ് ലോകത്തിലെ വിവിധ ഭാഗങ്ങളിലെ മെഡിക്കല്‍ രംഗത്തെ വിദഗ്ധരെ ഉള്‍ക്കൊള്ളിച്ച് സമ്മിറ്റ് നടത്തുന്നതെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ജനറല്‍ ആശുപത്രി കാമ്പസിലുള്ള അപക്‌സ് ട്രെയിനിംഗ് സെന്റര്‍, ഒ ബൈ ടമാര എന്നിവിടങ്ങളിലാണ് സമ്മിറ്റ് നടക്കുന്നത്.

മാര്‍ച്ച് 17ന് അപക്‌സ് ട്രെയിനിംഗ് സെന്ററില്‍ ട്രോമകെയറിനെപ്പറ്റി ശില്‍പശാലയും ട്രെയിനിംഗ് സെഷനും നടക്കുന്നു. ഒ ബൈ ടമാരയില്‍ മാര്‍ച്ച് 18ന് സമഗ്ര ട്രോമകെയര്‍ സംവിധാനം, എമര്‍ജന്‍സി ആന്റ് ട്രോമകെയര്‍ സ്റ്റാന്റേഡെസേഷന്‍, പ്രീ ഹോസ്പിറ്റല്‍ കെയര്‍, പ്രാഥമിക തലത്തിലെ നെപുണ്യ വികസനം എന്നീ വിഷയങ്ങളിലും മാര്‍ച്ച് 19ന് സുദൃഡമായ സമഗ്ര എമര്‍ജന്‍സി കെയര്‍, എമര്‍ജന്‍സി ആന്റ് ട്രോമകെയര്‍ രജിസ്ട്രി എന്നീ വിഷയങ്ങളിലും സമ്മേളനം നടക്കും. ഇതുകൂടാതെ തുടര്‍വിദ്യാഭ്യാസ പരിപാടിയും ഉണ്ടായിരിക്കും. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രാലയം, ലോകാരോഗ്യ സംഘടന, ടാറ്റ ട്രസ്റ്റ്, എയിംസ്, സംസ്ഥാനത്തിനകത്തും പുറത്തുമുള്ള എമര്‍ജന്‍സി മെഡിസിന്‍ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് സമ്മിറ്റ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *